മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. വള്ളിയൂർക്കാവ് റോഡ്, കോഴിക്കോട് റോഡ്, താഴെയങ്ങാടി എന്നിവിടങ്ങളിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നാണ് മനുഷ്യഭക്ഷണത്തിന് യോഗ്യമല്ലാത്ത സാധനങ്ങൾ കണ്ടെടുത്തത്.
വള്ളിയൂർക്കാവ് റോഡിലെ ഗ്രിൽ എൻ കോ, കോഴിക്കോട് റോഡിലെ സെഞ്ചുറി, താഴെയങ്ങാടി റോഡിലെ 916 എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഈ ഹോട്ടലുകളിൽ നിന്ന് ഉപയോഗശൂന്യമായ ചിക്കൻ, ബീഫ്, പഴകിയ എണ്ണ, പൊറോട്ട എന്നിവ പിടിച്ചെടുത്തു . പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ പിന്നീട് നഗരസഭാ അധികൃതർ നശിപ്പിച്ചു.
ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് ജി. സന്തോഷ്, എച്ച്.ഐ. ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജെ.എച്ച്.ഐ മാരായ എ. തുഷാര, അശ്വതി കെ.വി, പി.എ. അശ്വിൻ, അശ്വതി രാജൻ, നഗരസഭാ ജീവനക്കാരൻ എം. ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.



