കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഓൺലൈൻ ട്രേഡിങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കല്ലായിയിലെ കുടുംബത്തിന് നഷ്ടമായത് 1.28 കോടിയോളം രൂപ. നീലം ധവാനെന്ന പേരിൽ പരിചയപ്പെടുത്തിയ വ്യക്തി അഡ്‌മിനായ ‘ആക്സിസ്‌ സെക്യൂരിറ്റീസ്‌’ എന്ന വാട്സ്ആപ്‌ ഗ്രൂപ് വഴിയാണ് ട്രേഡിങ്തട്ടിപ്പിന് ഇരകളെ കണ്ടെത്തിയത്. കല്ലായി സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള അക്ക‍ൗണ്ടുകളിൽ നിന്ന്‌ 33 ഇടപാടുകളിലൂടെ 1,27,95000 രൂപ തട്ടിയെടുത്തുവെന്ന് സൈബർ പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ജനുവരി 10 മുതൽ ഏപ്രിൽ രണ്ടു വരെ ദിവസങ്ങൾക്കിടെയാണ്‌ പരാതിക്കാരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്ക‍ൗണ്ടുകളിൽ നിന്ന്‌ പണം തട്ടിയത്‌. ഇത്തരം നിരവധി കേസുകളാണ് കോഴിക്കോട്ട് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തത്.

 

ജനുവരിയിൽ അത്തോളി തോടന്നൂർ സ്വദേശികൾക്ക് നഷ്ടമായത് 2.10 കോടി രൂപയാണ്. ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ബൾക്ക് ഐ.പി.ഒ പർച്ചേസ് വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ബിസിനസുകാരന്റെ 1.2 കോടിരൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശികളായ യുവാവിനെയും യുവതിയെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിക്ക് ഇവർ വഴി 47 ലക്ഷം രൂപ നഷ്ടമായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് നടന്ന 25 കോടിയുടെ വൻ ട്രേഡിങ് തട്ടിപ്പിൽ പങ്കാളികളായ മൂന്ന് കോഴിക്കോട് സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. കൊടുവള്ളി, പന്തീരാങ്കാവ് സ്വദേശികളാണ് പിടിയിലായത്. ഇവർ കോഴിക്കോട് ഒരു മുറി വാടകക്കെടുത്ത് ഓൺലൈൻ ട്രേഡിങ് കേന്ദ്രം എന്ന വ്യാജേനയാണ് പ്രവർത്തിച്ചിരുന്നത്.ഇത്തരം തട്ടിപ്പുകളിൽ വീഴുന്നതിൽ റിട്ട. ഉദ്യോഗസ്ഥർ മുതൽ ജഡ്ജിമാർ വരെയുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.

 

തട്ടിപ്പിന്റെ രീതികൾ

1. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ: വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത് പ്രമുഖ ട്രേഡിങ് കമ്പനികളുടെ പേരിൽ വിശ്വസിപ്പിക്കുന്നു.

 

2. വ്യാജ ആപ്പുകൾ: പ്ലേ സ്റ്റോറിലില്ലാത്ത പ്രത്യേക ലിങ്കുകൾ വഴി വ്യാജ ട്രേഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുന്നു.

 

3. ആദ്യഘട്ടത്തിലെ ലാഭം: തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുമ്പോൾ വലിയ ലാഭം കിട്ടുന്നതായി കാണിക്കുകയും അത് പിൻവലിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് വിശ്വസിച്ച് വൻ തുകകൾ നിക്ഷേപിക്കുമ്പോഴാണ് തട്ടിപ്പ് നടക്കുന്നത്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെബി (എസ്.ഇ.ബി.ഐ) അംഗീകാരമില്ലാത്ത ഒരു പ്ലാറ്റ്‌ഫോമിലും പണം നിക്ഷേപിക്കരുത്.

പരിചിതമായ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നുള്ള നിക്ഷേപ ഉപദേശങ്ങൾ ഒഴിവാക്കുക.

തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടുക.

ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ (ഗോൾഡൻ ഹവർ) പരാതിപ്പെട്ടാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *