കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92.88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. സ്ത്രീകളുടെ പോളിംഗ് ശതമാനം 92.69 ആണ്. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയെങ്കിലും, ബൂത്തിലെത്തിയ ആകെ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 12 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ 29 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് ജനവിധി തേടുക. ഇതുകൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യ ചരിത്രത്തിലെ സർവകാല റെക്കോർഡ് ബംഗാൾ ജനത സ്വന്തമാക്കുകമോയെന്ന് അറിയാനാകു. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര് ആരംഭിച്ചു. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് വോട്ടർമാരുടെ കുറവായി പ്രതിഫലിച്ചതെന്ന് ബിജെപി അവകാശപ്പെട്ടു. കൃത്യമായ പരിശോധനകൾ നടന്നതുകൊണ്ടാണ് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ, യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്നും ബൂത്തുകളിൽ നിന്നും ഒഴിവാക്കി ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് ഭരണകക്ഷിയായ ടിഎംസി ആരോപിച്ചു. ഉയർന്ന പോളിംഗ് തൃണമൂൽ കോൺഗ്രസിന് അനുകൂലമെന്നാണ് ബംഗാൾ മമത ബാനർജിയുടെ പക്ഷം. ജനങ്ങളുടെ പൾസ് ഞങ്ങൾ ഇതിനോടകം ബംഗാളിന്റെ ഡ്രൈവിംഗ് സീറ്റിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ്. ടി എം സി വീണ്ടും അധികാരത്തിലേറുമെന്നും ബി ജെ പിയുടെ പതനം തുടങ്ങിയെന്നും മമത അഭിപ്രായപ്പെട്ടു.


