രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്‌റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

മലപ്പുറം : രോഗിയായ യാത്രക്കാരനു ബസിൽ സീറ്റ് നൽകാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തിൽ കെഎസ്ആർടിസിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി.

 

സൈനുദ്ദീൻ തൃശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസിൽ യാത്ര ചെയ്തത്. ബസിൽ കയറിയ ശേഷമാണ് ഇരിക്കാൻ സീറ്റ് ഒഴിവില്ലെന്ന് മനസ്സിലായത്. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്ന് യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ, തൃശൂരിൽ എത്തുമ്പോൾ സീറ്റ് കിട്ടുമെന്നറിയിച്ചു. തുടർന്ന് കൊളപ്പുറത്തേക്കു ടിക്കറ്റെടുത്തു. തൃശൂരിലെത്തിയപ്പോൾ കുറേ സീറ്റുകൾ ഒഴിഞ്ഞതിൽ ഒരു സീറ്റിൽ പരാതിക്കാരൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി പരാതിക്കാരനോട് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നും അത് അദ്ദേഹം റിസർവ് ചെയ്തതാണെന്നും അറിയിച്ചു. ബസ് കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു.

 

അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരുന്നുകഴിഞ്ഞിരുന്നു. ഇതേതുടർന്ന് പരാതിക്കാരനു നിന്ന് യാത്ര ചെയ്യേണ്ടി വന്നു. മാത്രമല്ല പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്നത് കക്കാട് സ്റ്റോപ്പിലായിരുന്നു. സർവീസ് റോഡിലൂടെ വാഹനം ഓടിക്കാതെ ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാൽ പരാതിക്കാരനു കൂരിയാട് ഇറങ്ങാനേ സാധിച്ചുള്ളൂ. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.

 

തൃശൂരിൽനിന്ന് റിസർവ് ചെയ്ത സീറ്റുകൾ സംബന്ധിച്ച കാര്യം പരാതിക്കാരനോട് പറയാതിരുന്നതും യാത്രക്കാരനെ സ്റ്റോപ്പിലിറക്കാതെ പോയതും സേവനത്തിലെ വീഴ്ചയാണെന്ന പരാതിക്കാരന്റെ ആക്ഷേപം ശരിവച്ചാണ് കമ്മിഷന്റെ വിധി. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളിൽ പരാതിക്കാരന് നൽകണമെന്നും അല്ലാത്ത പക്ഷം 9% പലിശയടക്കം നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *