സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹർത്താൽ

കൊച്ചി: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

 

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക. രോഹിത് വെമുല നിയമം നടപ്പിലാക്കുക.നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക. അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഹർത്താൽ. നിർബന്ധപൂർവ്വം വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി ഹർത്താലുമായി സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.

 

ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്നത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താലിന്റെ ആവശ്യമില്ലെന്നും സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്റ് പി.സി. ജേക്കബ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *