പാചകവാതക വിതരണം 70 ശതമാനമായി വർധിപ്പിച്ചു: പരിഭ്രാന്തി വേണ്ടെന്നു കേന്ദ്ര സർക്കാർ

ന്യൂഡൽഹി:പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ പാചകവാതക വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം 70 ശതമാനമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പലയിടങ്ങളിലും അനാവശ്യമായ പരിഭ്രാന്തി മൂലം ഉപഭോക്താക്കൾ സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം.

 

വിതരണം സുഗമമെന്ന് മന്ത്രാലയം

രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും വിതരണ ശൃംഖല സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം അധികൃതർ അറിയിച്ചു. ദിനംപ്രതിയുള്ള 93 ശതമാനം സിലിണ്ടർ വിതരണവും ഇപ്പോൾ ഒടിപി അധിഷ്ഠിതമായാണ് നടക്കുന്നത്. ഇത് വഴി സിലിണ്ടറുകൾ മറിച്ചുവിൽക്കുന്നത് തടയാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും ഗ്യാസ് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.

കണക്കുകളിൽ കുതിപ്പ്

മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ വാണിജ്യ ഗ്യാസ് വിൽപനയിൽ വലിയ വർധനയുണ്ടായി. ഓട്ടോ എൽപിജി വിൽപനയും പ്രതിദിനം 177 ടണ്ണിൽ നിന്ന് 386 ടണ്ണായി ഉയർന്നു. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണവും വർധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 19.5 ലക്ഷം അഞ്ച് കിലോ സിലിണ്ടറുകളാണ് വിറ്റഴിച്ചത്. ഇതിനായി രാജ്യവ്യാപകമായി 9000-ലധികം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു

പരിശോധന കർശനം;

71 വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കി

ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകൾ തടയാൻ കഴിഞ്ഞ ദിവസം രാജ്യമെമ്പാടുമുള്ള 1,800 കേന്ദ്രങ്ങളിൽ അധികൃതർ റെയ്ഡ് നടത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത 310 വിതരണക്കാർക്ക് പിഴ ചുമത്തുകയും 71 പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

പെട്രോൾ, ഡീസൽ വിതരണവും സാധാരണ നിലയിലാണെന്നും വ്യാജ വാർത്തകളിൽ വിശ്വസിച്ച് ആരും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നും സർക്കാർ അഭ്യർഥിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി, പിഎൻജി, ഗതാഗതത്തിനുള്ള സിഎൻജി എന്നിവയുടെ വിതരണം 100 ശതമാനം സംരക്ഷിക്കുമെന്നും പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിക്കാതെ നോക്കുമെന്നും ബന്ധപ്പെട്ടവർക്ക് എല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *