തൃശൂർ: തൃശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. രണ്ട് കാറിലും ഒരു ഓട്ടോ, ബൈക്ക് എന്നിവയിൽ ഇടിച്ച് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്.
കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്നംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1:53 നാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ യാത്ര ചെയ്ത വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമ്മ (50) എന്നിവരാണ് മരിച്ചത്.
തുടർച്ചയായി വാഹനങ്ങളിൽ ഇടിച്ചശേഷം റോഡരികിലെ മതിൽ തകർത്ത് ബസ് നിന്നു. അപകടത്തിൽ ഒരു കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനവും ദൃക്സാക്ഷികളുടെ മൊഴിയും.
അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസിനും മറ്റ് വാഹനങ്ങൾക്കുമിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കുന്നംകുളം-തൃശൂർ സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊലീസ് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്
