ഐപിഎൽ -2026 പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്.

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്.പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. തകര്‍ച്ചയോടെ തുടങ്ങിയ ഡല്‍ഹിയെ ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിന്‍റെയും(30 പന്തില്‍ 56), ഡേവിഡ് മില്ലറുടെയും(28 പന്തില്‍ 51) പോരാട്ടവീര്യമാണ് അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അശുതോഷ് ശര്‍മ(10 പന്തില്‍ 24), മാധവ് തിവാരി(8 പന്തില്‍ 18*) അക്വിബ് നബി(2 പന്തില്‍ 10*) എന്നിവരും ഡല്‍ഹി ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

 

ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്. ജയത്തോടെ 12 മത്സരങ്ങളില്‍ 10 പോയിന്‍റുമായി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത ഡല്‍ഹി നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയ പഞ്ചാബ് 11 കളികളില്‍ 13 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 210-5, ഡല്‍ഹി ക്യാപിറ്റല്‍സ് 19 ഓവറില്‍ 216-7.

 

211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്ക് തുടക്കത്തിലെ അടിതെറ്റി. രണ്ടാം ഓവറില്‍ അഭിഷേക് പോറലിനെ(5) ബൗള്‍ഡാക്കി യാഷ് താക്കൂറാണ് ഡല്‍ഹിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പ്രതീക്ഷയായിരുന്ന കെ എല്‍ രാഹുലിനെ(9)അര്‍ഷ്ദീപ് സിംഗ് മൂന്നാം ഓവറില്‍ പുറത്താക്കിയതോടെ ഡല്‍ഹി പ്രതിരോധതത്തിലായി. തകര്‍ത്തടിച്ച്‌ തുടങ്ങിയ സാഹില്‍ പരാഖ്(6 പന്തില്‍ 13) കൂടി അഞ്ചാം ഓവറില്‍ വീണതോടെ ഡല്‍ഹി പവര്‍ പ്ലേയില്‍ 47-3ല്‍ ഒതുങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റൻ അക്ഷര്‍ പട്ടേലും ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ക്രീസില്‍ നിന്ന ട്രിസ്റ്റൻ സ്റ്റബ്സും ചേര്‍ന്ന് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. ഒമ്പതാം ഓവറില്‍ സ്റ്റബ്സ്(17 പന്തില്‍ 12) റണ്ണൗട്ടായതോടെ ഡല്‍ഹിയുടെ വിജയപ്രതീക്ഷ മങ്ങി.

 

എന്നാല്‍ അവിടെ നിന്ന് പോരാട്ടം ഏറ്റെടുത്ത അക്ഷറും ഡേവിഡ് മില്ലറും ചേര്‍ന്ന് ഡല്‍ഹിയെ കൈപിടിച്ചുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 34 പന്തില്‍ 64 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ(30 പന്തില്‍ 56) അക്ഷര്‍ മടങ്ങിയെങ്കിലും മില്ലര്‍ പോരാട്ടം തുടര്‍ന്നു. 138-5 എന്ന സ്കോറില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയ മില്ലര്‍ വീണ്ടും വിജയപ്രതീക്ഷ നല്‍കി. അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബെന്‍ ഡ്വാര്‍ഷൂയിസിനെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി മില്ലര്‍ അര്‍ധസെഞ്ചുറിയിലെത്തി. പിന്നാലെ മില്ലര്‍(28 പന്തില്‍ 51) വീണെങ്കിലും പോരാട്ടം ഏറ്റെടുത്ത അശുതോഷ് ശര്‍മയും മാധവ് തിവാരിയും ചേര്‍ന്ന് ഡല്‍ഹിയെ അവിശ്വസനീയ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചു. വിജയത്തിനരികെ അശുതോഷ്(10 പന്തില്‍ 24) വീണെങ്കിലും അക്വിബ് നബിയുമായി ചേര്‍ന്ന് മാധവ് തിവാരി ഡല്‍ഹിയെ 19-ാം ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *