പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാനെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി: 2019-ല്‍ 40-ലധികം സി.ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാള്‍ പാക് അധീന കശ്മീരിലെ (PoK) മുസാഫറാബാദില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച പാക്കിസ്ഥാനിലെ മുസാഫറാബാദ് മേഖലയില്‍ പുല്‍വാമ ഭീകരനായ ഹംസ ബുര്‍ഹാനാണ് കൊല്ലപ്പെട്ടത്.

 

ഇയാള്‍ക്ക് നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ശരീരത്തില്‍ ഒന്നിലധികം വെടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെടുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് വെടിവയ്പ്പ് നടന്നതെങ്കിലും, ആക്രമണകാരികള്‍ ആരെന്നോ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായാണ് ഹംസ ബുര്‍ഹാന്‍ കണക്കാക്കപ്പെട്ടിരുന്നത്.

 

മുസാഫറാബാദില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ‘ഡോക്ടര്‍’ എന്നറിയപ്പെടുന്ന ഹംസ ബുര്‍ഹാന് ഒന്നിലധികം വെടിയേറ്റിരുന്നു. പുല്‍വാമ സ്വദേശിയായ ബുര്‍ഹാനെ 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. പുല്‍വാമയിലെ രത്നിപോറ മേഖലയിലുള്ള ഖര്‍ബാത്പോറയില്‍ ജനിച്ച ബുര്‍ഹാന്‍, ഉപരിപഠനത്തിനെന്ന വ്യാജേന 2017-ലാണ് പാക്കിസ്ഥാനിലേക്ക് കടന്നത്. എന്നാല്‍, അവിടെയെത്തിയ ഇയാള്‍ നിരോധിത ഭീകര സംഘടനയായ അല്‍-ബദ്‌റില്‍ ചേരുകയും പെട്ടെന്നുതന്നെ സംഘടനയുടെ കമാന്‍ഡര്‍ പദവിയിലേക്ക് ഉയരുകയുമായിരുന്നു.

 

പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പിന്നീട് നല്‍കിയത്. ആക്രമണം നടന്ന് കൃത്യം 12-ാം ദിവസം, അതായത് 2019 ഫെബ്രുവരി 26-ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രം ബോംബിട്ട് തകര്‍ത്തു. ഈ സുപ്രധാന സൈനിക നടപടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഈ സംഭവം ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധത്തെ ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തിച്ചു. ഇതിന്റെ തുടര്‍ച്ചയായി പാകിസ്ഥാനുള്ള ‘മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍’ (MFN) പദവി ഇന്ത്യ റദ്ദാക്കുകയും പാക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി 200 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. അമേരിക്ക, യു.കെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ആഗോള രാജ്യങ്ങള്‍ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുണ്ടായ ഈ സമ്മര്‍ദ്ദങ്ങള്‍ ഒടുവില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *