തലശ്ശേരി : അർധരാത്രിയില്‍ അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് കാണപ്പെട്ട യുവാവിൻ്റെ കാല്‍ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അടിച്ചൊടിച്ചു.അടിയേറ്റ് ദേഹമാസകലം ചതഞ്ഞ് കാലിന്റെ എല്ല് പൊട്ടിയ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോപ്പാലം മിസ്റ്റില്‍ ആർ.രാഹുലിന്റെ (38)പരാതിയില്‍ മൂന്ന് പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. രാഹുലിൻ്റെ പരാതിയില്‍ അപ്പു, യതീഷ്, അഖില്‍ എ ന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. ഒന്നാം പ്രതിയുടെ ഭാര്യയുമായി രാഹുല്‍ സൗഹൃദത്തിലാണെന്ന സംശയവും വിരോധവുമാണത്രെ അക്രമത്തിന് കാരണമായി ആരോപിക്കുന്നത്.
വീട്ടുമുറ്റത്ത് എത്തിയ രാഹുലിനെ രണ്ട് പേർ തടഞ്ഞുവച്ചു. ഒന്നാം പ്രതി വടി കൊണ്ട് ദേഹമാസകലം അടിച്ചു. അടിയേറ്റ് കാലിന്റെ എല്ല് പൊട്ടി. രണ്ടാം പ്രതി കല്ലെടുത്ത് രാഹുലിന്റെ തലക്ക് കുത്തി. മൂന്നാം പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂവരും ചേർന്ന് രാഹുലിൻ്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കെ.എല്‍. 13. എ.എച്ച്. എച്ച്. 5055 ബുള്ളറ്റ് തല്ലി തകർത്തു. 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് പരാതി.

