കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കടുത്ത പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാൽ സ്വദേശി രജിൻലാൽ (32) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. അപകടത്തിൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ രജിൻലാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.അതിനിടെ, അപകടത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. ഇതൊരു സാധാരണ വാഹന അപകടമല്ലെന്നും, കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നും വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു കഴിഞ്ഞു
വാഹനത്തിന്റെറെ മെക്കാനിക്കൽ തകരാറ മൂലമാണ് തീപിടിത്തമുണ്ടായതെന്ന പ്രാഥമിക വാദങ്ങൾ ഫോറൻസിക് പരിശോധനയിൽ പൂർണ്ണമായും തള്ളിപ്പോയി. കാറിന്റെ മുൻഭാഗത്തുള്ള എഞ്ചിനോ ബോണറ്റോ, പുറകിലെ ഡീസൽ ടാങ്കോ തീപിടിത്തത്തിൽ നശിച്ചിട്ടില്ല. കാറിൻ്റെ ഉൾവശം മാത്രമാണ് പൂർണ്ണമായി കത്തിയമർന്നത്. കാറിനുള്ളിൽ പെട്രോൾ കന്നാസ് കത്തിയാണ് അപകടമുണ്ടായതെന്ന് പൊലിസ് സ്ഥിരീകരിച്ചു. കാറിനുള്ളിൽ നിന്ന് പെട്രോൾ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്ന ഒരു കാനിന്റെ അടപ്പും, കരിഞ്ഞ ബാഗിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം കണ്ടെടുത്തിരുന്നു.

അപകടം നടക്കുന്നതിന് തൊട്ടുമുൻപ്, ഒരു സ്ത്രീ പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങുന്നതിൻ്റെ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിരുന്നു. ഈ സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് മേപ്പയൂർ പൊലിസ്. അപകടദിവസം വൈകുന്നേരം സോനയെ ഭർത്താവ് രജിൻ ലാൽ ബന്ധുവീട്ടിൽ ചെന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുവരും ടൗണിൽ രണ്ടു മണിക്കൂറോളം ചിലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണോ പെട്രോൾ വാങ്ങിയത് എന്നാണ് പൊലിസ് പരിശോധിക്കുന്നത്.
മരണപ്പെട്ട സോനയും രജിൻ ലാലും തമ്മിൽ കടുത്ത ദാമ്പത്യ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി പൊലിസ് വ്യക്തമാക്കുന്നു. രജിൻ ലാൽ സോനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. സോന ഗർഭിണിയായതിനെ തുടർന്ന് കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് വരെ രജിൻ ആവശ്യപ്പെട്ടിരുന്നതായി സോനയുടെ ബന്ധു സത്യൻ മാധ്യമങ്ങളോട് പറഞ്ഞു.അപകടം നടന്ന ദിവസം സോന മാതൃസഹോദരിയുടെ മകളുടെ വീട്ടിലെത്തി താൻ നേരിടുന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് രാത്രി രജിൻ ലാൽ മദ്യപിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു

വണ്ടിയോടിക്കുന്നതിനിടെ പെട്ടെന്ന് പെട്രോളിന്റെ മണം വരികയും, എന്താണെന്ന് ചോദിക്കുന്നതിനിടെ തീ പടരുകയുമായിരുന്നു” എന്നായിരുന്നു 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ മരണത്തിന് മുൻപ് പൊലിസിന് നൽകിയ മൊഴി. എന്നാൽ കാറിൻ്റെ പിൻസീറ്റിലിരുന്ന സോനയ്ക്ക് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം തീ പടർന്നതും, ഡ്രൈവിംഗ് സീറ്റിലിരുന്ന രജിൻ ലാലിന് മാത്രം വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതും പൊലിസിൽ വലിയ സംശയങ്ങൾക്ക് ഇടനൽകിയിരുന്നു.
.കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയാണെന്നും, ഫോറൻസിക് റിപ്പോർട്ടും സാക്ഷിമൊഴികളും പൂർണ്ണമായി വിശകലനം ചെയ്‌ത ശേഷമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ എന്നും മേപ്പയൂർ പൊലിസ് അറിയിച്ചു. ഭർത്താവിന്റെ മരണത്തോടെ കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കേണ്ടി വരും.

