ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ തലേന്ന് രാത്രി മുഴുവന്‍ കുതിര്‍ത്തു വച്ച വെള്ളം പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതിന് ഗുണവും ദോഷവുമുണ്ട്. ഗുണങ്ങളില്‍ പ്രധാനം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നതാണ്. ഭക്ഷ്യനാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിച്ചേക്കാം. വയറുവീക്കം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കുറക്കും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഉലുവയിലെ ചില ഘടകങ്ങള്‍ മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാം. ചിലര്‍ക്ക് വേനല്‍ക്കാലത്ത് ശരീരചൂട് കൂടുതലാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഉലുവ വെള്ളം കുടിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും.
ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും ചര്‍മാരോഗ്യത്തിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. അതേസമയം ഉലുവ വെള്ളത്തിന് അതിന്റേയായ ദോഷങ്ങളുമുണ്ട്. ഉലുവയില്‍ ഫൈബര്‍ കൂടുതലായതിനാല്‍ അധികമായി ഉപയോഗിച്ചാല്‍ വയറിളക്കം, വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രമേഹ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉലുവ വെള്ളം അധികമായി ഉപയോഗിച്ചാല്‍ ഷുഗര്‍ ലെവല്‍ വളരെ താഴാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ഉലുവ അലര്‍ജി ഉണ്ടാക്കാം. ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗം ഒഴിവാക്കുക.

