മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് അദ്ദേഹത്തെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നുവെന്നും അത് യാദൃശ്ചികമായ ഒരു സംഭവമായിരുന്നില്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി. തന്റെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ (Belonging: A Journey of Love) എന്ന പുസ്തകത്തെക്കുറിച്ച് മക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നടത്തിയ സംഭാഷണത്തിലാണ് സോണിയാ ഗാന്ധി ഈ നിർണ്ണായകവും വൈകാരികവുമായ വെളിപ്പെടുത്തൽ നടത്തിയത്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് രാജീവ് ഗാന്ധി നടത്തിയ പര്യടനങ്ങളെക്കുറിച്ചും അന്ന് നേരിട്ട സുരക്ഷാ വീഴ്ചകളെക്കുറിച്ചും സോണിയാ ഗാന്ധി ഓർത്തെടുത്തു. തുറന്ന ജീപ്പിൽ യാത്ര ചെയ്ത രാജീവ് ഗാന്ധിക്ക് നേരെ കല്ലേറും പ്രതിഷേധങ്ങളും നേരിടേണ്ടി വന്നത് അവർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പര്യടനം നടത്തുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വീഴ്ചകളുണ്ടായെന്നും, സുരക്ഷയുടെ ചുമതലയുള്ളവർ ആവശ്യമായ ശ്രദ്ധ നൽകിയില്ലെന്നും സോണിയ ആരോപിച്ചു.
