സ്മാര്‍ട്ട്ഫോണില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ പലതരത്തിലുള്ള ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. കോള്‍ ചെയ്യുമ്പോഴോ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുമ്പോഴോ ഈ രോഗാണുക്കള്‍ കൈകളിലും മുഖത്തും എളുപ്പത്തില്‍ പടരാം. ഇതുമൂലം ഭക്ഷ്യവിഷബാധ, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി പോലുള്ള കുടല്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. വേനല്‍ക്കാലം, മഴക്കാലം തുടങ്ങിയ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ ഫോണുകളില്‍ ബാക്ടീരിയകള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഉയര്‍ന്ന ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ പെരുകാനും ചൂടുകൂടുമ്പോഴും മഴക്കാലത്തും ആരോഗ്യഅപകടങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നു. ഇതിന് പരിഹാരമായി ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി വൈപ്പുകള്‍ ഉപയോഗിച്ച് ഫോണുകള്‍ ദിവസവും വൃത്തിയാക്കാം. കഠിനമായ കെമിക്കല്‍ ക്ലീനറുകളോ വൃത്തിയാക്കുമ്പോള്‍ അമിതമായ ഈര്‍പ്പമോ ഒഴിവാക്കുക, ഇവ ഫോണ്‍ കേടുവരുത്തും. വിയര്‍പ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഫോണ്‍ കേസ് ഇടയ്ക്കിടെ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, ഭക്ഷണത്തിന് മുന്‍പ് വൃത്തിയായി കൈകള്‍ കഴുകുക. പൊതുഗതാഗതം ഉപയോഗിച്ചതിന് ശേഷമോ, പൊതു പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷമോ ഫോണ്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകള്‍ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യുക. മലിനമാകാന്‍ സാധ്യതയുള്ള പൊതു പ്രതലങ്ങളില്‍ ഫോണ്‍ വയ്ക്കുന്നത് ഒഴിവാക്കുക. കൈകഴുകല്‍ പോലെ, ഫോണ്‍ ശുചിത്വം ഒരു പതിവ് ആരോഗ്യ ശീലമാക്കുക.

