റെയിൽപാളത്തിൽ സ്ഫോടനം: പാക് ബന്ധമുള്ള യുവതിയും യുവാവും പിടിയിൽ; സ്ഫോടനം നടത്താൻ പാകിസ്ഥാനിൽനിന്ന് പണം കിട്ടി

ചണ്ഡീ​ഗഢ്: രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ(21) ദാവീന്ദർ സിങ്(22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും(എടിഎസ്) ശ്രീ​ ​ഗം​ഗാന​ഗർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടിയത്.അറസ്റ്റിലായ മഹക്ദീപ് കൗറിന് പാകിസ്ഥാനിൽനിന്നുള്ള രണ്ടുപേരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ നിർദേശപ്രകാരമാണ് യുവതി പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

 

ചാച്ചാ, ഷാ എന്നീ പേരുകളിലാണ് പാകിസ്ഥാനിൽനിന്നുള്ള രണ്ടുപേർ യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഓൺലൈൻ വഴി പ്രണയാഭ്യർഥന നടത്തിയാണ് ഇവർ യുവതിയെ വലയിലാക്കിയത്. യുവതിക്ക് പണവും നൽകിയിരുന്നു. ശ്രീ ​ഗം​ഗാന​ഗറിലെ പാളത്തിൽ സ്ഫോടനം നടത്താൻ യുവതിക്ക് പാകിസ്ഥാനിൽനിന്ന് പണം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

 

ഏറെക്കാലമായി യുവതി ഭർത്താവിൽനിന്ന് പിരിഞ്ഞാണ് താമസം. യുവതിയുടെ ഭർത്താവ് നിലവിൽ ലഹരിക്കേസിൽ ജയിലിലാണ്. യുവതിയുടെ പക്കൽനിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മഹക്ദീപ് കൗറിനും ദാവീന്ദർ സിങ്ങിനും സഹായം നൽകിയതിന് മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിക്ക് താമസത്തിനും യാത്രയ്ക്കും സഹായം നൽകിയത് ഇവരാണെന്നും പൊലീസ് പറഞ്ഞു.

 

ഇന്ത്യൻ യുവതികളെ പ്രണയക്കെണിയിൽ വീഴ്ത്തി ചാരവൃത്തിക്ക് ഉപയോ​ഗിക്കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ രീതിയാണ്. ഇതിനൊപ്പം പണവും മറ്റുസൗകര്യങ്ങളും കൂടി നൽകിയാണ് പാക് ചാരസംഘടനകൾ ഇവരെ ഉപയോ​ഗിച്ചിരുന്നത്. നേരത്തേ ശ്രീ ​ഗം​ഗാന​ഗർ സ്വദേശിനിയായ ബബിത എന്ന യുവതിയും സമാനരീതിയിൽ പാക് ചാരസംഘടനയുടെ വലയിൽ വീണിരുന്നു.

 

നവംബർ മൂന്നിന് രാത്രിയാണ് ശ്രീ​ ​ഗം​ഗാന​ഗറിലെ രാംസിങ്പുരിൽ റെയിൽപാളത്തിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാളത്തിലെ രണ്ട് സ്ലീപ്പറുകൾ തകർന്ന് പാളത്തിന് കേടുപാട് സംഭവിച്ചിരുന്നു. അനുപ്ഘട്ട്-സുറത്ത്ഘട്ട് പാസഞ്ചർ ട്രെയിൻ കടന്നുപോയി ഒരുമണിക്കൂറിന് ശേഷമാണ് പാളത്തിൽ സ്ഫോടനമുണ്ടാത്. സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്നും തുടക്കത്തിലേ സംശയമുയർന്നിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!