അമ്പലവയൽ: വയനാട് അമ്പലവയലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട . എടക്കലിലെ ‘ഹോളിഡേ ഹോംസ്’ ലോഡ്‌ജിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 104.22 ഗ്രാം എം.ഡി.എം.എ.-യുമായി (MDMA) അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, കമ്പളക്കാട് സ്വദേശി ഷഫീക്ക്, മടക്കിമല സ്വദേശി വിവേക് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടോടെയാണ് അമ്പലവയൽ പോലീസ് സംഘം എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മുറികളിൽ നിന്നും വൻതോതിൽ എം.ഡി.എം.എ. കണ്ടെത്തുകയായിരുന്നു. ഇതേതുടർന്നാണ് ലോഡ്ജ് നടത്തിപ്പുകാരായ ഈ അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
മാസങ്ങൾക്ക് മുൻപും ഇതേ പ്രദേശത്തുനിന്ന് 124 ഗ്രാം എം.ഡി.എം.എ.-യുമായി ഒരു യുവാവ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ജില്ലയിലെ വിവിധ റിസോർട്ടുകളിൽ നടത്തിയ പരിശോധനകളിലും മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. അമ്പലവയലിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ വ്യാപകമാകുന്നുണ്ടെന്ന ആശങ്കയാണ് തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ ശക്തമാക്കുന്നത്. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി അന്വേഷണം ഏറ്റെടുത്ത് പ്രതികളെ റിമാൻ്റ് റിപ്പോർട്ട് തയ്യാറാക്കി സുൽത്താൻബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി . പ്രതികളെ കോടതി 14 ദിവസത്തെയ്ക്ക് റിമാൻ്റ് ചെയ്തു. യുവതിയെ മാനന്തവാടി ജില്ലാ ജയിലിലും മറ്റു 4 പ്രതികളെ വൈത്തിരി സബ് ജയിലിലും പാർപ്പിച്ചു വരികയാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി പറഞ്ഞു
