യൂറോപ്പിലെത്തി ഹാന്റാവൈറസ്; രോഗലക്ഷണങ്ങളും പ്രതിരോധവും, അറിയേണ്ടതെല്ലാം

അർജന്റീനയില്‍ നിന്ന് പുറപ്പെട്ട ‘എംവി ഹോണ്ടിയസ്’ എന്ന ആഡംബര കപ്പലില്‍ ഹാന്റാവൈറസ് പടർന്നുപിടിച്ചത് ആഗോളതലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കപ്പലിലെ മൂന്നുപേർ വൈറസ് ബാധിച്ചു മരിക്കുകയും നാലുപേരെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വൈറസ് ബാധയെത്തുടർന്ന് കപ്പല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കൻ തീരത്ത് നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ നിലവില്‍ മാറ്റേണ്ടതില്ലെന്നും യാത്ര തുടരേണ്ടതില്ലെന്നുമാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ യാത്ര പൂർത്തിയാക്കി ബുധനാഴ്ച യൂറോപ്പിലെത്തിയ ഒരു യാത്രക്കാരനും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

എന്താണ് ഹാന്റാവൈറസ്?

 

പ്രധാനമായും എലികള്‍, ചുണ്ടെലികള്‍ തുടങ്ങിയ കരണ്ടുതീനികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരുകൂട്ടം വൈറസുകളാണ് ഹാന്റാവൈറസ്. ഇത് ഒരു പുതിയ രോഗമല്ലെങ്കിലും, ഇതിന്റെ തീവ്രതയും മരണനിരക്കും വളരെ കൂടുതലാണ്. സാധാരണയായി എലികളുടെ ഉമിനീർ, മൂത്രം, വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ അവ കലർന്ന വായു ശ്വസിക്കുന്നതിലൂടെയോ ആണ് ഇത് പകരുന്നത്. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന ‘ഹാന്റാവൈറസ് പള്‍മണറി സിൻഡ്രോം’ എന്ന ഗുരുതരമായ അവസ്ഥയുണ്ടാക്കാനും സാധ്യതയുണ്ട്.

 

രോഗലക്ഷണങ്ങള്‍

 

ഹാൻറാ വൈറസ് ബാധയുടെ പ്രാരംഭ ഘട്ടത്തില്‍ കഠിനമായ പനി, പേശി വേദന, അമിതമായ തളർച്ച, തലവേദന, വിറയല്‍, വയറുവേദന തുടങ്ങിയ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. എന്നാല്‍ രോഗം തീവ്രമാകുന്നതോടെ ഇത് ശ്വാസകോശത്തെ ബാധിക്കുകയും, ശ്വാസകോശത്തില്‍ ദ്രാവകം നിറയുന്നതിലൂടെ കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ പെട്ടെന്നുള്ള മരണത്തിന് വരെ കാരണമായേക്കും. ഈ സാഹചര്യം അതീവ ഗുരുതരമായതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാലുടൻ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.

 

വ്യാപന രീതിയും മുൻകരുതലുകളും

 

സാധാരണയായി എലികളുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായി സമ്പർക്കമുണ്ടാകുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. എലികളുടെ വിസർജ്യം കലർന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. കപ്പലില്‍ അടഞ്ഞ അന്തരീക്ഷത്തില്‍ രോഗബാധിതരായ ആളുകളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ അല്ലെങ്കില്‍ എലികളുമായുള്ള സമ്പർക്കത്തിലൂടെയോ ആകാം വൈറസ് പടർന്നതെന്ന് വിദഗ്ധർ കരുതുന്നു. സാധാരണ ഹാന്റാവൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും, അർജന്റീനയില്‍ കാണപ്പെടുന്ന ‘ആൻഡീസ് വൈറസ്’ എന്ന വകഭേദം മനുഷ്യരിലൂടെ പടരാൻ സാധ്യതയുള്ളതാണ്. ഈ കപ്പലില്‍ പടർന്നതും ഇതേ വകഭേദമാണോ എന്ന് പരിശോധിച്ചുവരികയാണ്.

 

ചികിത്സയും മരുന്നും

 

ഹാന്റാവൈറസ് ബാധയ്ക്ക് നിലവില്‍ സവിശേഷമായ ചികിത്സാരീതികള്‍ ലഭ്യമല്ല. എങ്കിലും, വൃക്കപരാജയത്തിന് കാരണമാകുന്ന പ്രത്യേക തരം ഹാന്റാവൈറസ് ബാധയ്ക്ക് ‘റിബാവിറിൻ’ എന്ന ആന്റിവൈറല്‍ മരുന്ന് ചിലപ്പോള്‍ ശിപാർശ ചെയ്യാറുണ്ട്. എന്നാല്‍, ശ്വാസകോശത്തെയോ ഹൃദയത്തെയോ ബാധിക്കുന്ന ഹാന്റാവൈറസ് രോഗബാധകളില്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്യുന്നവർക്ക്, ചികിത്സ വൈകുന്നവരേക്കാള്‍ വേഗത്തില്‍ സുഖം പ്രാപിക്കാൻ സാധിക്കും. രോഗം നേരത്തെ കണ്ടെത്തുകയാണെങ്കില്‍, ശ്വസനസംബന്ധമായ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ രോഗിയെ സഹായിക്കുന്നതിനായി ഓക്സിജൻ തെറാപ്പി നല്‍കി വരുന്നു.

 

പ്രതിരോധ പ്രവർത്തനങ്ങള്‍

 

കപ്പലില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ്-19 മാതൃകയിലുള്ള അതീവ ജാഗ്രതാ നിർദ്ദേശങ്ങളാണ് നിലവില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാരെയും ജീവനക്കാരെയും അവരുടെ ക്യാബിനുകളില്‍ തന്നെ താമസിപ്പിച്ച്‌ കർശനമായ ഐസൊലേഷൻ (Quarantine) ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള കോണ്‍ടാക്റ്റ് ട്രേസിങ് നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ രോഗം ബാധിച്ചവരെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനങ്ങള്‍ വഴി യൂറോപ്പിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ തുടർച്ചയായി സ്പെയിനിലെ കാനറി ഐലൻഡില്‍ യാത്രക്കാരെ ഇറക്കി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അർജന്റീനയിലെ ആരോഗ്യ വിഭാഗം വൈറസിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

(ഈ കുറിപ്പ് വിവരശേഖരണ ആവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ്. വൈദ്യശാസ്ത്രപരമായ ഉപദേശങ്ങള്‍ക്കോ രോഗനിർണായത്തിനോ പ്രൊഫഷണല്‍ ഡോക്ടറെ സമീപിക്കുക)

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *