ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം; പ്രതിഷേധം ശക്തം

മാനന്തവാടി ജില്ലാ ആശുപത്രി ഗവ.മെഡിക്കൽ കോളജായി ഉയർത്തുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത് മാനന്തവാടിയിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിന് എതിരെ പ്രതിഷേധം. മെഡിക്കൽ കോളജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാണ്. യുഡിഎഫ് ഭരണത്തിൽ എത്തിയതോടെ വിവിധ കോണുകളിൽ നിന്ന് മെഡിക്കൽ കോളജ് മുൻപു ശിലാസ്ഥാപനം നടത്തിയ മടക്കിമലയിലേക്കു മാറ്റണമെന്ന ആവശ്യം വീണ്ടും ഉയർന്നിരുന്നു. എന്നാൽ പ്രവർത്തനം നടന്നു വരുന്ന മെഡിക്കൽ കോളജ് മാനന്തവാടിയിൽ നിന്നു മാറ്റണമെന്ന തരത്തിലുള്ള ചർച്ച തന്നെ അപ്രസക്തമാണെന്ന മറുവാദവും ശക്തമാണ്.

 

വയനാട് ഗവ. മെഡിക്കൽ കോളജിനായി അമ്പുകുത്തിയിൽ വനംവകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള 28 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നതാണ്. വനം വകുപ്പ് ഇവിടെയുള്ള മരങ്ങളുടെ കണക്കും ശേഖരിച്ചിട്ടുണ്ട്. ഈ സ്‌ഥലത്തിനു പകരമായി ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ പരിഹാര വനവൽക്കരണത്തിനായി ഭൂമി കൈമാറി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് അമ്പുകുത്തി ഭൂമിയിലെ മരങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. വിട്ടു നൽകുന്ന സ്‌ഥലത്തിന്റെ ഇരട്ടി ഭൂമിയും മരത്തിന്റെ മൂല്യത്തിന്റെ 3 ഇരട്ടി തുകയും കൈമാറിയാലാണു വനംവകുപ്പിന്റെ കൈവശമുള്ള ഭൂമി ആരോഗ്യ വകുപ്പിന് വിട്ടു നൽകുക. മരങ്ങളുടെ ഇനം, പ്രായം, വലുപ്പം എന്നിവ കണക്കാക്കിയാണു മൂല്യം നിശ്ചയിക്കുക.

ഇതിന് എന്തെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടായാൽ മാനന്തവാടി നഗരപരിസരത്തു തന്നെ സ്വകാര്യ ഭൂമി കണ്ടെത്താൻ കഴിയുമെന്ന അഭിപ്രായവും ശക്തമാണ്. മെഡിക്കൽ കോളജ് മാനന്തവാടിയിൽ തന്നെ തുടരുമെന്ന് ഉഷ വിജയൻ എംഎൽഎയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട ഉഷ വിജയൻ എംഎൽഎയും യുഡിഎഫ് നേതാക്കളും മെഡിക്കൽ കോളജ് വിഷയം ചർച്ച ചെയ്തിരുന്നു.

 

മെഡിക്കൽ കോളജ് സ്‌ഥാപിക്കുന്നതിനായി തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ മുൻപ് കണ്ടെത്തിയ ഭൂമി നിയമക്കുരുക്കിൽ പെട്ടതോടെയാണ് അമ്പുകുത്തിയിലെ സ്ഥലം കണ്ടെത്തിയത്. മെഡിക്കൽ കോളജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്ന കാര്യത്തിൽ മാനന്തവാടിയിലെ യുഡിഎഫ് ഒറ്റക്കെട്ടാണ്. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങൾ മാത്രമാണെന്നും മെഡിക്കൽ കോളജ് മാനന്തവാടിയിൽ തന്നെ തുടരുമെന്നും യുഡിഎഫ് നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നു. ഇനി വനംവകുപ്പിൻ്റെ സസ്ഥലം വിട്ട് കിട്ടിയില്ലെങ്കിലും സ്വകാര്യ ഭൂമി കണ്ടെത്താൻ കഴിയുമെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *