അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചേലഞ്ചേഴ്‌സ് ബെംഗളൂരു 2026 ഐപിഎൽ കിരീടം ചൂടി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ ജയം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ അർധ സെഞ്ച്വറിയും ബെംഗളൂരു ബൗളർമാരുടെ മികച്ച് പ്രകടനവുമാണ് അനായാസ വിജയം നേടിക്കൊടുത്തത്.ബെംഗളൂരുവിൻ്റെ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടമാണിത്.

ടോസ് നേടിയ ബെംഗളൂരു ഗുജറാത്തിന്റെ ബാറ്റിങിനയക്കുകയായിരുന്നു. ടീം സ്കോർ 22ൽ നിൽക്കെ നായകൻ ഗിൽ മടങ്ങി. തൊട്ട് പിന്നാലെ സായ് സുദർശൻ കൂടി മടങ്ങിയതോടെ മത്സരം ബെംഗളുരുവിൻ്റെ വരുതിയിലായി. നിഷാന്ത് സിന്ധു, ജോസ് ബട്ലർ, അർഷാദ് ഖാൻ എന്നിവർ അതിവേഗം മടങ്ങിയപ്പോൾ മറുപുറത്ത് നിലയുറപ്പിച്ച വാഷിങ്ടൺ സുന്ദർ ഗുജറാത്ത് സ്കോർ ബോർഡിൽ റൺ ഉയർത്തി. 37 പന്തിൽ 5 ബൗണ്ടറി ഉൾപ്പെടെയാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. രാഹുൽ തിവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ ഗുജറാത്ത് നിരാശപ്പെടുത്തി. ബെംഗളുരുവിനായി റാസിഖ് സലാം മൂന്നും ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ക്രുണാൽ പാണ്ഡ്യായാണ് ബാക്കിയുള്ള ഒരു വിക്കറ്റ് നേടിയത്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് മികച്ച് തുടക്കമാണ് ഓപ്പണർമാരായ വെങ്കടേഷ് അയ്യരും വിരാട് കോഹ്ലിയും നൽകിയത്. നാലാം ഓവറിൽ സ്കോർ 62ൽ നിൽക്കേ റബാഡയുടെ കയ്യിലെത്തിച്ച് സിറാജ് വെങ്കടേഷ് അയ്യരെ പുറത്തക്കി. 16 പന്തിൽ 32 റൺസാണ് താരം നേടിയത്. ദേവ്‌ദത്ത് പടിക്കലും ക്രുണാൽ പാണ്ട്യയും രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ ക്യാപ്റ്റൻ രജത് പാട്ടിദാറിന് 15 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപുറത്ത് വിക്കറ്റുകൾ വീണപ്പോൾ വിരാട് കൊഹ്ലി അർധ സെഞ്ച്വറിയുമായി കളത്തിൽ നിലയുറപ്പിച്ചു. 42 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തി പുറത്താകാതെ 75 റൺസാണ് സൂപ്പർ താരം നേടിയത്. 24 റൺസുമായി ടിം ഡേവിഡും 10 റൺസുമായി ജിതേഷ് ശർമയും സപ്പോർട്ടിങ് റോൾ ഭംഗിയാക്കി. അതോടെ 18 ഓവറിൽ ബെംഗളൂരു അനായാസം ലക്ഷ്യം മറികടന്നു.

