തരിയോട് : പ്രകൃതിയുടെ പച്ചപ്പും ഭൂമിയുടെ ജീവ സ്പന്ദനവും കാത്തുസൂക്ഷിക്കേണ്ടതിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് സെൻ്റ മേരീസ് യു പി സ്കൂൾ തരിയോട് ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥികളിലും സമൂഹത്തിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു.
സ്കൂൾ മാനേജർ റവ.ഫാ.സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൂസി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ ശ്രീ. ബിജുമോൻ വി.എം സ്വാഗതം ആശംസിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ദിന സന്ദേശം പ്രകൃതിയോടുള്ള കരുതലും ഉത്തരവാദിത്വബോധവും ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിൻറെ ഭാഗമാണെന്ന് അധ്യക്ഷൻ ഓർമിപ്പിച്ചു.വൃക്ഷങ്ങളും വനങ്ങളും മനുഷ്യ ജീവിതത്തിന് നൽകുന്ന അമൂല്യമായ സംഭാവനകളെക്കുറിച്ച് വിശിഷ്ടാതിഥിയായ ശ്രീ നജീബ് കൈതക്കൽ (ബീറ്റ് പോലീസ് ഓഫീസർ )വിശദീകരിച്ചു .പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികൾക്ക് നിർണായക പങ്കുവഹിക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു .വിദ്യാർത്ഥി പ്രതിനിധി അലോണ റോസ് അഭിലാഷ് പി റ്റി എ. പ്രസിഡൻ്റ് ശ്രീ പയസ് തുടങ്ങിയവർ ആശംസ അറിയിച്ചു.
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും വിദ്യാർത്ഥികൾക്കായ് വിവിധ പരിപാടികൾ സംഘടിപ്പിക്കയും ചെയ്തു. ചടങ്ങിന് സിസ്റ്റർ ഷീജമൈക്കിൾ നന്ദി അർപ്പിച്ചു. പച്ചപ്പാർന്ന ഭൂമിക്കയി .ഓരോരുത്തരും കൈകോർക്കണമെന്നആഹ്വാനത്തോടെ പരിപാടി സമാപിച്ചു.

