വയനാട്ടിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും (ജൂൺ – 6,7) തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.
റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

