ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗബാധയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ വരാതെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ വ്യക്തമാക്കി.

 

രോഗം ബാധിച്ച വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വിസർജ്ജ്യ സാമ്പിളുകൾ (Stool samples) കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, വൈറൽ പാനൽ പരിശോധനയ്ക്കായി അഞ്ച് സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി (NIV)-ലേക്കും അയച്ചു. സ്കൂൾ പരിസരത്ത് നിന്നും ശേഖരിച്ച മൂന്ന് ജല സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്കായി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കും അയച്ചിട്ടുണ്ട്.

 

രോഗത്തിന്റെ ഉറവിടവും കാരണക്കാരായ രോഗാണുവിനെയും കൃത്യമായി കണ്ടെത്താൻ കൂടുതൽ എപ്പിഡെമിയോളജിക്കൽ, ലബോറട്ടറി പരിശോധനകൾ നടന്നുവരികയാണ്. ഈ പരിശോധനകളുടെ അന്തിമ ഫലം ചൊവ്വാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *