കേരളത്തിലെ യാത്രാമേഖലയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്നു. യുഡിഎഫ് സർക്കാരിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിയുടെ ആദ്യഘട്ട തീരുമാനങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് ഇത് സംബന്ധിച്ച അന്തിമ ധാരണയായത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ 100 ദിവസം ഓർഡിനറിയിൽ മാത്രമായി ഇത് പരിമിതപ്പെടുത്തിയത്. ഈ കാലയളവിലെ യാത്രാ രീതികളും ഫലങ്ങളും പഠിച്ച ശേഷം, രണ്ടാം ഘട്ടത്തിൽ മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കും.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. ഈ സാമ്പത്തിക നഷ്ടം എപ്രകാരം നികത്താമെന്നും അതിനായി എങ്ങനെ ഫണ്ട് കണ്ടെത്താമെന്നും വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

