തിരൂരങ്ങാടി: വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരൂരങ്ങാടിയിലെ ഇളനീര്‍ പാര്‍ലര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് സ്ഥാപനത്തില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ സ്ഥാപനത്തിനെതിരെ തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം ഇതുവരെ രോഗബാധിതരുടെ എണ്ണം 135 ആയി ഉയര്‍ന്നു. കൂടാതെ 75 പേര്‍ക്ക് രോഗബാധയുണ്ടെന്ന സംശയത്തില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണവും ചികിത്സയും തുടരുകയാണ്.
ഇന്നലെ കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂണ്‍ മാസത്തില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി. വയറിളക്കം, പനി, ഛര്‍ദ്ദി, വയറു വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം രോഗികളും ചികിത്സ തേടിയെത്തുന്നത്.
ഇതിനിടെ തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബേക്കറിയില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുത്ത അടിയന്തര യോഗം ചേര്‍ന്നു.
രോഗ വ്യാപനം തടയുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്കരണ നോട്ടീസുകള്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. ഭക്ഷണവും കുടിവെള്ളവും ശുചിത്വത്തോടെ ഉപയോഗിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക എന്നീ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഷിഗെല്ല രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷ്യ സുരക്ഷാ പരിശോധനകളും കുടിവെള്ള പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നിരീക്ഷണം തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

