കൊണ്ടോട്ടി: പള്ളിക്കൽ ബസാർ ഓട്ടുപാറ മുളിയോളി അബ്ദുൽ സമീർ – മുർഷിദ ദമ്പതികളുടെ മകളും പള്ളിക്കൽ എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഈ കൊച്ചു ധീര.തറവാട് വീടിന്റെ ഷീറ്റ് ഇട്ട ടെറസ് വൃത്തിയാക്കാൻ കയറിയതായിരുന്നു ഫാത്തിമ റിയയും സഹോദരങ്ങളായ മുഹമ്മദ് റയ്യാനും, ഫാത്തിമ റിഫയും, ബന്ധുവായ ഹിസാ മെഹറിനും. ഇതിനിടെ വീടിന് മുകളിലൂടെ കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ ഫാത്തിമ റിഫ അബദ്ധത്തിൽ തൊടുകയും ഷോക്കേൽക്കുകയും ചെയ്തു. റിഫയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിയ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പേർക്കും വൈദ്യുതാഘാതമേറ്റു.
എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മനസ്സാന്നിധ്യം വീണ്ടെടുത്ത റിയ ഉടൻ തന്നെ കൈ പിൻവലിച്ചു. തുടർന്ന് തറ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ചൂല് ഉപയോഗിച്ച് അനിയൻ റയ്യാനെ തട്ടിമാറ്റുകയും, പിന്നീട് ഉണങ്ങിയ വടി ഉപയോഗിച്ച് റിഫയെ വൈദ്യുത കമ്പിയിൽ നിന്ന് വേർപെടുത്തുകയും ചെയ്തു.ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ബോധരഹിതയായ റിഫയെ ആശുപത്രിയിൽ എത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
അപ്രതീക്ഷിതമായെത്തിയ അപകടത്തിൽ പതറാതെ മനസ്സാന്നിധ്യത്തോടെ പ്രവർത്തിച്ച് മൂന്ന് കുരുന്നുകളെ മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫാത്തിമ റിയ എന്ന കൊച്ചു മിടുക്കി.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന റിയയുടെ ഈ ധീരമായ ഇടപെടൽ ഇന്ന് നാടിന് തന്നെ വലിയൊരു മാതൃകയായി.

