പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മർദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു.കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്. സൗത്ത് 24 പർഗനാസിലെ കുല്‍താലിയില്‍ ജൂണ്‍ 9നാണ് സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയാണ് എന്ന് മാത്രമെ മനസിലായിട്ടുള്ളൂ. ആക്രമണത്തില്‍ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ കുല്‍താലിയിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു പ്രാദേശിക മാർക്കറ്റിലാണ് ദാരുണമായ അക്രമം നടന്നത്. കേരളത്തില്‍ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്ച മുമ്പാണ് യുവാവ് കുല്‍താലിയില്‍ എത്തിയത്. പരിചിതമല്ലാത്ത സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. എന്നാല്‍ ബംഗാളി ഭാഷ അറിയാത്തതിനാലും ഭാഷാപരമായ തടസ്സങ്ങള്‍ ഉള്ളതിനാലും താൻ ആരാണെന്നോ എന്തിനാണ് അവിടെ വന്നതെന്നോ കൃത്യമായി വിശദീകരിക്കാൻ യുവാവിന് സാധിച്ചില്ല. ഇതോടെ ഇയാള്‍ കള്ളനാണെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ഇയാളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ബരുയിപ്പൂർ സബ് ഡിവിഷനില്‍ നിന്നുള്ള ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

