കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു. നെതര്‍ലാന്‍ഡ്സിനായി ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും ക്രിസെന്‍സിയോ സമ്മര്‍വില്ലും ഗോളുകള്‍ നേടിയപ്പോള്‍ കെയ്‌തോ നകാമുറ, ഡായ്ച്ചി കമഡ എന്നിവരാണ് ജപ്പാന്റെ രക്ഷകരായത്.

 

ആദ്യ പകുതിയിൽ ഗോളൊന്നും പറന്നില്ല. 51-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്സ് ആദ്യ ഗോൾ നേടി. ഗ്രാവന്‍ബെര്‍ച്ചിന്റെ മികച്ചൊരു ക്രോസില്‍ നിന്നും ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചു (10). 57-ാം മിനിറ്റില്‍ തകേഫുസ കുബോ നല്‍കിയ പാസില്‍ നിന്നും കെയ്‌തോ നകാമുറ ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത മനോഹരമായ ഷോട്ട് നെതര്‍ലാന്‍ഡ്സ് ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രുഗനെ മറികടന്ന് വലയില്‍ കയറി. ജപ്പാന്‍ ഒപ്പമെത്തി.

 

64-ാം മിനിറ്റില്‍ ഓറഞ്ച് പട വീണ്ടും ലീഡ് എടുത്തു. ക്രിസെന്‍സിയോ സമ്മര്‍വില്ല് തൊടുത്ത ഷോട്ട് വലയുടെ കോണിലേക്ക് തുളച്ചുകയറി.ഒരു ഗോളിന് പിന്നിലായതോടെ ജപ്പാന്‍ പരിശീലകന്‍ ഹാജിമെ മൊരിയാസു ബെഞ്ചില്‍ നിന്നും പുതിയ താരങ്ങളെ കളത്തിലിറക്കി തന്ത്രങ്ങള്‍ മാറ്റി. കളി അവസാനിക്കാന്‍ വെറും രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ജപ്പാന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടു. 89-ാം മിനിറ്റില്‍ കോകി ഒഗാവയുടെ പാസില്‍ നിന്നും ഡായ്ച്ചി കമഡ ശാന്തമായി ലക്ഷ്യം കണ്ട് ജപ്പാന് അവിശ്വസനീയമായ സമനില സമ്മാനിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *