വയനാട്ടുകാരി മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണി കുടുങ്ങിയ 11 കോടിയുടെ കഞ്ചാവ് വേട്ടയില്‍ ദുരൂഹതയേറുന്നു

മുംബൈ: ബാങ്കോക്കില്‍ നിന്നും കൊറിയര്‍ വഴി വന്ന ബാഗില്‍ 11 കോടിയുടെ ലഹരിമരുന്ന് ഒളിപ്പിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട്ടുകാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണിയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള, ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനിന്ന ഈ 28-കാരി മലയാളി മോഡല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അഴികള്‍ക്കുള്ളിലായിട്ട് ഇപ്പോള്‍ നാല് ദിവസം പിന്നിട്ടിരിക്കുകയാണ്.

 

എന്നാല്‍, പിടിയിലായ നിമിഷം മുതല്‍ ഒരേയൊരു വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹര്‍ഷ. താന്‍ നിരപരാധിയാണെന്നും ബാങ്കോക്കില്‍ വെച്ച് പരിചയപ്പെട്ട ഒരാള്‍ കൊടുത്തയച്ച ബാഗ് മാത്രമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നുമാണ് ഹര്‍ഷ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ഭാഗം സമ്പൂര്‍ണമായി നിഷേധിക്കുകയാണ് മുംബൈ നാര്‍ക്കോട്ടിക്‌സ് സെല്ലും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും. വിദ്യാര്‍ഥികളെയും മോഡലുകളെയും മറയാക്കിയാണ് ബാങ്കോക്കില്‍ നിന്നും കഞ്ചാവ് കടത്തുന്നതിന് കാരിയേഴ്‌സ് ആക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതുകൊണ്ട് ഹര്‍ഷയുടെ വാദം നാര്‍ക്കോട്ടിക്‌സ് സെല്‍ വിശ്വസിക്കുന്നില്ല.

 

‘എനിക്ക് അന്താരാഷ്ട്ര ലഹരി കടത്ത് സംഘങ്ങളുമായി യാതൊരു ബന്ധവുമില്ല. ബാങ്കോക്കില്‍ കറങ്ങാന്‍ പോയപ്പോള്‍ അവിടെ വെച്ച് സൗഹൃദത്തിലായ ഒരാളാണ് മുംബൈയിലേക്ക് പോകുമ്പോള്‍ ഈ ബാഗ് കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. മുംബൈയില്‍ എത്തുമ്പോള്‍ ഒരാള്‍ വന്ന് ഇത് വാങ്ങിക്കോളുമെന്നും പറഞ്ഞു. ഇതിനുള്ളില്‍ ഇത്രയും വിലകൂടിയ കഞ്ചാവായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.’ – ഇതാണ് ഹര്‍ഷ നല്‍കിയ മൊഴി.

 

എന്നാല്‍ കസ്റ്റംസിനെയും പോലീസിനെയും പറ്റിക്കാന്‍ അന്താരാഷ്ട്ര ലഹരിക്കടത്തുകാര്‍ സ്ഥിരമായി പറയുന്ന ‘അജ്ഞാതന്‍ തന്ന ബാഗ്’ എന്ന പതിവ് പല്ലവി തന്നെയാണ് ഹര്‍ഷയും ആവര്‍ത്തിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വെറുമൊരു സാധാരണ കഞ്ചാവല്ല ഹര്‍ഷയുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. അത്യാധുനിക രീതിയില്‍ മണ്ണില്ലാതെ ലബോറട്ടറികളില്‍ വളര്‍ത്തിയെടുക്കുന്ന തീവ്രതയേറിയ ‘ഹൈഡ്രോപോണിക് കഞ്ചാവ്’ (ആയിരുന്നു അത്. ആഗോള വിപണിയില്‍ ഇതിന്റെ ഒരു കിലോയ്ക്ക് ഒരു കോടിയോളം രൂപയാണ് വിലമതിക്കുന്നത്. ഇത്രയും വലിയ തുകയുടെ ലഹരിമരുന്ന് വെറുമൊരു പരിചയത്തിന്റെ പേരില്‍ ആരെങ്കിലും ഒരാളുടെ കൈവശം കൊടുത്തുവിടുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

2025-ലെ മിസിസ് കേരള മത്സരത്തില്‍ റണ്ണറപ്പായതോടെയാണ് വയനാട് സ്വദേശിനിയായ ഹര്‍ഷ ഫാഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ലക്ഷ്വറി ജീവിതം നയിച്ചിരുന്ന ഹര്‍ഷയ്ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മുംബൈയില്‍ വന്നിറങ്ങിയ ഹര്‍ഷയില്‍ നിന്നും ഈ 11 കോടിയുടെ ലഹരിമരുന്ന് കൈപ്പറ്റാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്നത് ആരാണ് എന്നതിലും അന്വേഷണമുണ്ട്.

 

ലഹരിമരുന്ന് മുംബൈ വഴി കൊച്ചിയിലെയും ബംഗളൂരുവിലെയും വമ്പന്‍ റേവ് പാര്‍ട്ടികളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണോ കടത്തിയത് എന്ന കാര്യത്തില്‍ മുംബൈ പോലീസിന് ശക്തമായ സംശയമുണ്ട്. ഹര്‍ഷയുടെ ഫോണ്‍ കോളുകളും വാട്‌സാപ്പ് ചാറ്റുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിലവില്‍ പരിശോധിച്ചുവരികയാണ്.

 

ഹര്‍ഷ സണ്ണി വെറുമൊരു കാരിയര്‍ മാത്രമാണോ അതോ കേരളത്തിലെ മോഡലിംഗ് രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി വന്‍കിട ലഹരി മാഫിയ നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണോ എന്നാണ് ഇനി അറിയേണ്ടത്. വരും ദിവസങ്ങളില്‍ മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹര്‍ഷയുടെ വയനാട്ടിലെ വീട്ടിലും കൊച്ചിയിലെ സൗഹൃദ വലയങ്ങളിലും അന്വേഷണത്തിനായി എത്തിയേക്കുമെന്നാണ് സൂചന.

 

അതേസമയം കേസില്‍ ഹര്‍ഷ സണ്ണി ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. തനിക്ക് മറ്റൊരാളാണ് ഈ പൊതി നല്‍കിയതെന്നും എന്താണ് ഇതിനുള്ളിലെന്ന് അറിയില്ലായിരുന്നെന്നുമാണ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കേസുകള്‍ വ്യാപകമായി ഉണ്ടാകുന്നുണ്ടെന്നാണ് ഹര്‍ഷയുടെ അഭിഭാഷകന്‍ വാദിക്കുന്നത്. ഹര്‍ഷ ചതിയില്‍ പെട്ടതാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

 

ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവു നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു എന്നാണ് വിവരം.

 

ഹര്‍ഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയില്‍ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രത്യേക രാസപരിശോധനയിലാണ് ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്. 11 കിലോയിലധികം തൂക്കം വരുന്ന ഈ ലഹരിമരുന്നിന് രാജ്യാന്തര മാർക്കറ്റിൽ 11 കോടിയോളം വില വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!