ജനവാസ മേഖലകളെ പരിസ്ഥിതി ലോലമാക്കല്‍; കാട്ടിക്കുളത്ത് ജൂലൈ 7ന് കര്‍ഷക കണ്‍വൻഷൻ

മാനന്തവാടി: ജില്ലയിലെ ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് ഒഴിവാക്കണമെന്ന മുൻ എല്‍.ഡി.എഫ് സർക്കാരിന്റെ ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും കർഷക സംഘത്തിന്റെയും പി.സുന്ദരയ്യാ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ജൂലൈ ഏഴിന് കാട്ടിക്കുളത്ത് കർഷക കണ്‍വൻഷനും സെമിനാറും നടത്തും.

 

സമരപരിപാടികളുള്‍പ്പെടെ ആവിഷ്‌കരിക്കും. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് സുന്ദരയ്യാ ട്രസ്റ്റും കർഷക സംഘവും തിരുനെല്ലി പഞ്ചായത്തും ചേർന്ന് നടത്തിയ സർവേയുടെ റിപ്പോർട്ടും ചടങ്ങില്‍ പ്രകാശിപ്പിക്കും. അഖിലേന്ത്യ കിസാൻസഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മുൻമന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ അദ്ധ്യക്ഷനായി. കർഷകസംഘം ജില്ലാ സെകട്ടറി സി.ജി പ്രത്യുഷ് വിശദീകരിച്ചു. കെ.എം. വർക്കി, ടി.കെ. പുഷ്പൻ, പി.വി ബാലകൃഷ്ണൻ, എൻ.എം ആന്റണി, പി.ആർ ഷിബു, കെ. സൈനബ, സി.കെ ശങ്കരൻ, ടി.സി ജോസ് എന്നിവർ പ്രസംഗിച്ചു. സണ്ണി ജോർജ് സ്വാഗതവും കെ. സിജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഞ്ജു ബാലൻ (ചെയർപേഴ്സണ്‍), സണ്ണി ജോർജ് (കണ്‍വീനർ), സി.കെ ശങ്കരൻ (ട്രഷറർ).

 

ആവശ്യം; 31 വില്ലേജുകളെ ഇ.എസ്‌.ഐയില്‍ നിന്ന് ഒഴിവാക്കണം

 

വയനാട്, ഇടുക്കി ജില്ലകളിലെ 31 വില്ലേജുകളെ പരിസ്ഥിതിലോല പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് എല്‍.ഡി.എഫ് സർക്കാർ കേന്ദ്ര വിദഗ്ധസമിതിയോട് ആവശ്യപ്പെട്ടത്. ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ തുടങ്ങിയവ സംരക്ഷിച്ച്‌ വനമേഖലകളെ മാത്രം പരിസ്ഥിതി ലോല മേഖലകളില്‍ (ഇ.എസ്‌.ഐ) ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ ഫീല്‍ഡ് സർവേപോലും നടത്താതെ വിദഗ്ധ സമിതി ഈ നിർദേശം തള്ളി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *