കൊല്ലം:നാല് പതിറ്റാണ്ടുകാലം പോലീസിന്റെ കണ്ണുവെട്ടിച്ച് പുതിയ പേരും പുതിയ കുടുംബവുമായി ജീവിച്ചുപോന്ന ഒരു കൊലക്കേസ് പ്രതി 40 വര്‍ഷം ശേഷം പോലീസ് പിടിയിൽ. 40 വര്‍ഷം മുന്‍പ് സ്വന്തം സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ട വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശി മോഹനന്‍ പിള്ളയാണ് (64) ഒടുവില്‍ പൂയപ്പള്ളി പോലീസിന്റെ അതിസാഹസികമായ നീക്കത്തില്‍ അകത്തായത്. ഇരുപത്തിയഞ്ചാം വയസ്സില്‍ നാട്ടില്‍ നിന്നും മുങ്ങിയ പ്രതി, പിന്നീട് ‘രാജന്‍’ എന്ന വ്യാജപ്പേരില്‍ പുതിയൊരു ജീവിതം കെട്ടിപ്പൊക്കുകയായിരുന്നു.
1987 ജനുവരി 11-നായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ പിള്ള മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. വാക്കേറ്റത്തിനൊടുവില്‍ കലിപൂണ്ട മോഹനന്‍ പിള്ള വെട്ടുകത്തിയെടുത്ത് ചന്ദ്രശേഖരന്‍ പിള്ളയുടെ കഴുത്തിന് തന്നെ മൂന്നോളം തവണ ആഴത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ചോര വാര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് മോഹനന്‍ പിള്ള അന്ന് വെളിയം നാട്ടില്‍ നിന്നും അപ്രത്യക്ഷനായത്.
പോലീസിനെ വറ്റിക്കാന്‍ പ്രതി ആദ്യം പോയത് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്കാണ്. അവിടെ കുറേക്കാലം ഒളിച്ചുകഴിഞ്ഞ ശേഷം കോട്ടയത്തെ കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി എത്തിപ്പെട്ടു. അവിടെവെച്ചാണ് ഇയാള്‍ തന്റെ പഴയ സ്വത്വമെല്ലാം ഉപേക്ഷിച്ച് ‘കേശവന്റെ മകന്‍ രാജന്‍’ എന്ന പുതിയ ഐഡന്റിറ്റി ഉണ്ടാക്കുന്നത്. കല്ലറയില്‍ വെച്ച് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും നിലവില്‍ 35-ഉം 37-ഉം വയസ്സുള്ള രണ്ട് മക്കളുമായി ജീവിക്കുകയുമായിരുന്നു. സ്വന്തം അച്ഛന്‍ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഈ കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളേജിലെ ആ ‘യാദൃച്ഛിക കൂടിക്കാഴ്ച’; കള്ളുഷാപ്പില്‍ കളി മാറി!
വര്‍ഷങ്ങളായി പോലീസ് ഫയലുകളില്‍ പൊടിപിടിച്ചിരുന്ന കേസിന് അടുത്തിടെയാണ് ജീവന്‍ വച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പ്രതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. അവിടെവെച്ച് യാദൃച്ഛികമായി തന്റെ പഴയ നാട്ടുകാരനായ ഒരാളെ മോഹനന്‍ പിള്ള കണ്ടുമുട്ടി. ഭയം മറന്ന് നാട്ടിലെ വിശേഷങ്ങള്‍ തിരക്കിയതാണ് പ്രതിക്ക് വിനയായത്. ഈ വിവരം ഉടന്‍ തന്നെ പൂയപ്പള്ളി പോലീസിന്റെ കാതുകളിലെത്തി.
പോലീസ് കോട്ടയം കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം ശക്തമാക്കുന്നതിനിടയിലാണ് അടുത്ത ട്വിസ്റ്റ്. നിലവില്‍ വീടിനടുത്തുള്ള ഒരു കള്ളുഷാപ്പില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രതി, കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ അവിടെയുണ്ടായിരുന്ന മറ്റുള്ളവരുമായി കടുത്ത വഴക്കുണ്ടാക്കി. തര്‍ക്കം മൂത്തപ്പോള്‍ ‘കേസൊന്നും എനിക്ക് പുത്തരിയല്ലെടാ…’ എന്ന് പ്രതി അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു. പോലീസിന്റെ ഇന്‍ഫോര്‍മര്‍ ഈ വിവരം തത്സമയം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വിവരം കിട്ടിയയുടന്‍ പൂയപ്പള്ളി പോലീസ് കള്ളുഷാപ്പ് വളഞ്ഞ് പ്രതിയെ പൊക്കി. 40 വര്‍ഷത്തെ പ്രായവ്യത്യാസവും രൂപമാറ്റവും കാരണം ആദ്യഘട്ടത്തില്‍ പോലീസിന് പോലും ആളെ മനസ്സിലായില്ല. താന്‍ രാജനാണെന്ന് പറഞ്ഞ് പ്രതി കള്ളക്കളി കളിച്ചെങ്കിലും പൂയപ്പള്ളി പോലീസിന്റെ സ്‌റ്റൈലന്‍ ചോദ്യം ചെയ്യലിന് മുന്നില്‍ പ്രതിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊലപാതകം നടത്തി ഒളിച്ചോടിയ മോഹനന്‍ പിള്ള തന്നെയെന്ന് ഇയാള്‍ക്ക് സമ്മതിക്കേണ്ടി വന്നു.
അറസ്റ്റിലായ പ്രതിയെ സഹോദരി സരസമ്മയും ബന്ധുക്കളും നേരിട്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്‍, കൊട്ടാരക്കര ഡിവൈഎസ്പി ബിനുകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം പൂയപ്പള്ളി എസ്.എച്ച്.ഓ പി. ഷാജിമോന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് 40 വര്‍ഷം പഴക്കമുള്ള കേസിന് വിരാമമിട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
