ഡ്രൈവിങ്ങിനിടെ ദേഹാസ്വസ്ഥ്യം;  മിനിലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

മാനന്തവാടി: പേരിയയിൽ ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റിനിർത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ വളപട്ടണം കടവ് റോഡ് സ്വദേശി റിഷാൽ (41) ആണ് മരണപ്പെട്ടത്. ഞായറാഴ്ച പേരിയ ജുമാ മസ്ജിദിന് സമീപമായിരുന്നു സംഭവം.

 

മിനിലോറി ഓടിക്കുന്നതിനിടെ റിഷാലിന് പെട്ടെന്ന് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. എന്നാൽ, ബോധം മറയുന്നതിന് മുൻപ് അതീവ ജാഗ്രതയോടെ വാഹനം റോഡരികിലേക്ക് മാറ്റിനിർത്തിയതിനാൽ വൻ അപകടം ഒഴിവായി. വാഹനം നിർത്തിയതിന് പിന്നാലെ ഇദ്ദേഹം അബോധാവസ്ഥയിലാവുകയായിരുന്നു.

 

ഉടൻ തന്നെ നാട്ടുകാരും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സ്വന്തം ജീവൻ അപകടത്തിലായ നിമിഷത്തിലും മറ്റുള്ളവരുടെ സുരക്ഷ മുൻനിർത്തി വാഹനം സുരക്ഷിതമായി ഒതുക്കിനിർത്തിയ റിഷാലിന്റെ പ്രവൃത്തിയെ ഏവരും നൊമ്പരത്തോടെയാണ് കാണുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *