മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെയുള്ള ദേശീയപാത 766, ജനുവരിയോടെ ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) ഏറ്റെടുക്കും. ദേശീയപാതാ അതോറിറ്റിയാണ് 117.6 കിലോമീറ്റർ വരുന്ന റോഡ് വികസിപ്പിക്കുന്നതെങ്കിലും താമരശ്ശേരി ചുരം വളവ് വീതികൂട്ടൽ നടക്കുന്നതുകൊണ്ടാണ് ഏറ്റെടുക്കൽ വൈകുന്നത്. അതിനാൽ ജനുവരിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനോട് ദേശീയപാതാ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
നാലുവരിപ്പാതയാക്കുന്നതിനുള്ള ഡി.പി.ആർ. തയ്യാറാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ആർ.വി. അസോസിയേറ്റ്സിനാണ് ടെൻഡർ നൽകിയിരിക്കുന്നത്. അവരുമായി വൈകാതെ കരാർ ഒപ്പുവെക്കും. പ്രവൃത്തി തുടങ്ങുന്നതുവരെയുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നടത്താൻ എൻ.എച്ച്.എ.ഐ. 78 കോടിയുടെ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് മുത്തങ്ങ മുതൽ കർണാടക അതിർത്തിവരെ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കും. തകർന്നുകിടക്കുന്ന സ്ഥലങ്ങൾ മെച്ചപ്പെടുത്തും. അടയാളബോർഡുകളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കും. ചുരം പാതയിൽ ഉൾപ്പെടെ പലയിടത്തും റോഡുകൾ തകർന്നിട്ടുണ്ട്. അതെല്ലാം അറ്റകുറ്റപ്പണി നടത്തും.
നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ധനസഹായത്തോടെ മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെയുള്ള ഭാഗത്തിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നു. കൊടുവള്ളി, താമരശ്ശേരി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളിൽ ബൈപ്പാസുകൾ നിർദേശിച്ചിരുന്നു. എന്നാൽ, സാധ്യതാപഠനത്തിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട്-മരുതിലാവ് ബൈപ്പാസിന്റെ നിർദേശവും നേരത്തേയുണ്ട്. ബൈപ്പാസാണോ, നിലവിലുള്ള പാത വീതികൂട്ടലാണോ ഏതാണ് അനുയോജ്യമെന്ന് പഠിച്ചശേഷമേ ഇതിലും തീരുമാനമുണ്ടാവുകയുള്ളൂ. ജനവാസകേന്ദ്രങ്ങളിലും വനമേഖലകളിലും പരമാവധി ആഘാതം കുറച്ചുകൊണ്ടുള്ള രൂപരേഖയാണ് തയ്യാറാക്കുകയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. ചിലയിടത്ത് പുതിയ അലൈൻമെന്റ് വേണ്ടിവരും. റോഡിന്റെ വീതി ഉൾപ്പെടെ എല്ലാ സാധ്യതകളും ഡി.പി.ആറിൽ പരിശോധിക്കുമെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
