കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യ ൻമാരായ അർജൻറീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജൻറീന സെമിയിൽ കടന്നത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടിനെസും നേടിയ ഗോളുകളിലാണ് അർജന്റീന 3-1 ന്റെ ആവേശ വിജയം സ്വന്തമാക്കിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റ്റിനയുടെ എതിരാളികൾ.
ആദ്യപകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്ന അർജന്റീന. പത്താം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ലയണൽ മെസ്സി ബോക്സിലേക്ക് നൽകി. സ്വിസ് പ്രതിരോധനിരയെ മറികടന്ന് അർജന്റീനയുടെ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ പന്ത് ഉജ്ജ്വലമായൊരു ഹെഡറിലൂടെ വലയിലെത്തിച്ചു. എന്നാൽ രണ്ടാംപകുതിയിൽ തിരിച്ചടി നേരിട്ടു. എൻഡോയിലൂടെ സ്വിറ്റ്സർലൻഡ് സമനില നേടി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയിരിക്കെയായിരുന്നു കൻസാസ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആൽവാരസിൻ്റെ മാന്ത്രിക ഗോൾ പിറന്നത്.
114-ാം മിനിറ്റിൽ സ്വിസ് ബോക്സിന് ഏകദേശം 25 വാര അകലെ വെച്ച് പന്ത് സ്വീകരിച്ച താരം പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വലംകാലുകൊണ്ട് തൊടുത്ത പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ (120+1 മിനിറ്റ്) ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും വലയിലാക്കി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു.
ലോകകപ്പ് ചരിത്രത്തിൽ അർജൻറീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജൻറീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു
