അനസ്തേഷ്യ നൽകിയതിന് ശേഷം ബ്രെയിനിലേക്കുള്ള ഓക്സിജൻ തടസപ്പെട്ടു; പയ്യന്നൂരിലെ ഒന്നരവയസുകാരന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്‍റെ പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്‌തേഷ്യ നൽകിയതിന് ശേഷം തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചു. കുട്ടിയുടെ മരണം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് ഉടൻ രൂപീകരിക്കുമെന്നാണ് വിവരം.മരണകാരണം അനസ്തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

 

അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടെന്നും ഇത് പതിയെ മരണത്തിലേക്ക് കൊണ്ടെത്തിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഓക്സിജൻ വിതരണവും രക്തപ്രവാഹവും നിലച്ചതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായെന്നാണ് ആശുപത്രി അധികൃതർ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നത്. എത്ര അളവിലാണ് അനസ്തേഷ്യ നൽകിയത്, അനിവാര്യമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നോയെന്ന കാര്യത്തിലുള്ള റിപ്പോർട്ടുകൾ കൂടി പുറത്തുവരേണ്ടതുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മെഡിക്കൽ ബോർഡ് അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട് കൂടി പുറത്തുവന്നാലേ കൂടുതൽ വ്യക്തത വരികയുള്ളൂ.

 

പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിയിലും പരിക്കേറ്റതിനെത്തുടർന്നാണ് കുഞ്ഞിനെ ആദ്യം ഒരു ആശുപത്രിയിലും പിന്നീട് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും എത്തിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനായി അനസ്തേഷ്യ നൽകിയ ഉടൻ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു.

 

അനസ്തേഷ്യ നൽകിയപ്പോൾ കുഞ്ഞിന് കാർഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് മരണം സംഭവിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥ മൂലം കുട്ടിക്ക് ബ്രെയിൻ ഡാമേജ് ഉണ്ടായതായാണ് എഫ്ഐആറിൽ പറയുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *