കോഴിക്കോട് വൻ ഹാൻസ് ശേഖരവുമായി മധ്യവയസ്കൻ പിടിയിൽ

കോഴിക്കോട്:നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവൂമായി മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടില്‍ മുസ്തഫ(52) യെയാണ് ഫറോക്ക് എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്

 

ഓപറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാമനാട്ടുകര ഹെല്‍ത്ത് സെന്ററിന് സമീപത്തെ നീലിത്തോട് പാലത്തിനടുത്തുള്ള ഹുസ്സെന്‍ പുളിയ്ക്കല്‍ എന്നയാളുടെ വാടക വീട്ടിലാണ് മുസ്തഫ താമസിച്ചിരുന്നത്. ഇവിടെ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

 

വീട് തുറന്ന് പരിശോധിച്ചതില്‍ ഒരു റൂമില്‍ നിന്നും ആറ് ചാക്കുകളിലായി സൂക്ഷിച്ച ഏകദേശം അയ്യായിരത്തോളം പായ്ക്കറ്റ് ഹാന്‍സ് കണ്ടെടുക്കുകയായിരുന്നു. പിന്നീട് വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കെ.എല്‍ 11 ബി.ടി 2179 സ്‌കൂട്ടറിന്റെ ഡിക്കി തുറന്ന് പരിശോധിച്ചപ്പോള്‍ 180 പാക്കറ്റ് ഹാന്‍സും കൂടി പിടിച്ചെടുത്തു. വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാമനാട്ടുകരയില്‍ സ്റ്റേഷനറി കട നടത്തുന്ന മുസ്തഫ ഈ കടയുടെ മറവിലാണ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തിയിരുന്നത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഹാന്‍സ് വാങ്ങാന്‍ കടയില്‍ വരാറുണ്ടെന്നും ആവശ്യക്കാര്‍ക്ക് മൊത്തമായി എത്തിച്ച്‌ കൊടുക്കാറുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *