യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’യില്‍ മൂന്ന് കോടി ദിർഹമിൻ്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.

യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’യില്‍ മൂന്ന് കോടി ദിർഹമിൻ്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.അബുദാബിയില്‍ മെയിൻ്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 52കാരനായ സുനില്‍ കുമാർ സദാശിവനാണ് 78 കോടി ‘ബംപർ ഈ വൻ തുക സമ്മാനമായി ലഭിച്ചത്. 2026 ജൂലൈ 13 തിങ്കളാഴ്ചയാണ് ലോട്ടറി അധികൃതർ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയിയായ സുനില്‍ കുമാറിൻ്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. അടുത്തിടെ തനിക്കൊപ്പം ലോട്ടറിയെടുക്കാൻ തുടങ്ങിയ ഒരു സുഹൃത്തുമായി അദ്ദേഹം ഈ സമ്മാനത്തുക പങ്കുവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

ജനനത്തീയതികള്‍ ഭാഗ്യം കൊണ്ടുവന്നു’

 

ക്രമരഹിതമായി നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതിന് പകരം, തൻ്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്ന് പേരുടെ ജനനത്തീയതികളാണ് സുനില്‍ കുമാർ ലോട്ടറിക്കായി തിരഞ്ഞെടുത്തത്. തൻ്റെയും ഭാര്യയുടെയും മകളുടെയും ജനനത്തീയതികളാണ് അദ്ദേഹം ഭാഗ്യനമ്പറുകളാക്കിയത്. ആദ്യം മകളുടെ ജനനത്തീയതിയും പിന്നീട് തൻ്റെയും ഭാര്യയുടെയും ജനനത്തീയതികളും നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്നിന് ബുധനാഴ്ച സുഹൃത്തിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഈ വൻ ഭാഗ്യം ഇവരെ തേടിയെത്തിയത്. മുൻപത്തെ ആഴ്ച ഇവർ എടുത്ത ആദ്യ ടിക്കറ്റിന് 100 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ആ ആത്മവിശ്വാസത്തില്‍ വീണ്ടും എടുത്ത രണ്ടാമത്തെ ടിക്കറ്റാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ഏഴ് ഭാഗ്യ നമ്പറുകളും കൃത്യമായി ഒത്തുവന്നതോടെയാണ് സുനില്‍ കുമാർ ഗ്രാൻഡ് പ്രൈസിന് അർഹനായത്.

 

അപ്രതീക്ഷിതമായ വിജയം

 

ജോലി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സുനില്‍ കുമാർ തൻ്റെ ലോട്ടറി വിജയത്തെക്കുറിച്ച്‌ അറിയുന്നത്. രാത്രി 9:45 ഓടെ നറുക്കെടുപ്പിന് ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചെറിയൊരു സമ്മാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയിച്ച നമ്പറുകള്‍ കണ്ടപ്പോള്‍ താൻ പൂർണ്ണമായും ഞെട്ടിപ്പോയെന്ന് അദ്ദേഹം ഓർക്കുന്നു. ആദ്യം ഈ വിവരം സുഹൃത്തിനെ കാണിച്ചതിന് ശേഷമാണ് അദ്ദേഹം ഭാര്യയെ വിളിച്ച്‌ സന്തോഷം പങ്കുവെച്ചത്. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത, സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന തൻ്റെ ഭാര്യ ഈ തുക എന്ത് ചെയ്യുമെന്ന് ചോദിച്ചതായും സുനില്‍ കുമാർ പറഞ്ഞു. ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ സമൂഹത്തില്‍ കഷ്ടപ്പെടുന്നവർക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.

 

മകള്‍ക്കായി ഒരുക്കിയ സ്വപ്നങ്ങള്‍

 

വിവാഹം കഴിഞ്ഞ് 12 വർഷത്തെ കാത്തിരിപ്പിനും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച വിലയേറിയ ചികിത്സകള്‍ക്കും ശേഷമാണ് സുനില്‍ കുമാറിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ ഏഴ് വയസ്സുള്ള മകളുടെ ജനനത്തീയതി കൂടി ഉള്‍പ്പെട്ട നമ്പറിലൂടെ സമ്മാനം ലഭിച്ചത് ഏറെ വൈകാരികമാണെന്ന് അദ്ദേഹം പറയുന്നു. മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവളെ ഒരു ഡോക്ടറാക്കി മാറ്റുക എന്നതാണ് തൻ്റെ ഏറ്റവും വലിയ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മാനത്തുക ലഭിച്ചാല്‍ ആദ്യം പോയി മകള്‍ക്കൊരു സമ്മാനം വാങ്ങാനാണ് സുനില്‍ കുമാർ ആഗ്രഹിക്കുന്നത്.

 

വീടില്ലാത്തവർക്ക് തണലാകാൻ

 

ലോട്ടറിയിലൂടെ ലഭിച്ച തുക ഉപയോഗിച്ച്‌ നാട്ടിലെ തൻ്റെ വീടുപണി പൂർത്തിയാക്കാനും വിശ്രമ ജീവിതം നയിക്കാനും സുനില്‍ കുമാർ പദ്ധതിയിടുന്നുണ്ട്. ചെറുപ്പം മുതല്‍ ജോലി ചെയ്യുന്നതിനാല്‍ ഇനി അല്പം വിശ്രമിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്ക് പുറമെ, വീടില്ലാത്ത തനിക്കറിയാവുന്ന കുറച്ചുപേർക്ക് വീട് വെച്ചുനല്‍കാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. എപ്പോഴാണ് അവസരം വരുന്നതെന്ന് അറിയാത്തതിനാല്‍ എല്ലാവരും ഈ ലോട്ടറി പരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *