ബത്തേരി – : സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ വിവിധ ആവശ്യങ്ങളും മുൻനിർത്തി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ ദീർഘകാലമായുള്ള യാത്രാപ്രശ്നങ്ങൾക്കും ഗോത്രവർഗ്ഗ ജനതയുടെ ക്ഷേമത്തിനുമായി എം.എൽ.എ സമർപ്പിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രി അനുകൂലമായ ഉറപ്പ് നൽകി.
ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി കർണാടക സർക്കാരുമായി ഉന്നതതല ചർച്ചകൾ നടത്തുക, ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, നഞ്ചൻകോട്–നിലമ്പൂർ റെയിൽപാത പദ്ധതിയുടെ പുരോഗതിക്കായി ആവശ്യമായ ഇടപെടലുകൾ നടത്തുക എന്നീ വിഷയങ്ങൾ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വയനാടിന്റെ വികസനത്തിന് നിർണ്ണായകമായ ഈ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചീങ്ങേരിയിൽ വയനാട് ട്രൈബൽ സർവ്വകലാശാല ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രവേശനവും ഹോസ്റ്റൽ സൗകര്യവും ഉറപ്പുവരുത്തുക, കേന്ദ്ര വനാവകാശ നിയമപ്രകാരം അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിലെ കാലതാമസം പരിഹരിക്കുക തുടങ്ങിയ സുപ്രധാന ഗോത്രക്ഷേമ പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സുൽത്താൻ ബത്തേരിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി സമർപ്പിച്ച എല്ലാ വിഷയങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.
