മ്യാൻമറിൽ യാത്രാ ബോട്ട് മുങ്ങി അഞ്ഞൂറിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നും യുഎൻ വ്യക്തമാക്കി.
ജൂൺ അവസാനവാരത്തോടെ മ്യാൻമറിലെ രാഖൈൻ സംസ്ഥാനതത് നിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത് . അയൽരാജ്യമായ ബംഗ്ലാദശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും ബോട്ടുകളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് 250-ൽ അധികം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച ഉടൻ തന്നെ നഷ്ടപ്പെട്ടു .രണ്ടാമത്തെ ബോട്ട് ഈമാസം എട്ടിന് മ്യാൻമറിലെ ഇരാവതി തീരത്തിനടുത്ത് വച്ച് കടലിൽ മറിയുകയായിരുന്നു പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ബോട്ടുകൾ യാത്ര തിരിച്ചത് . കനത്ത മഴയും , വെള്ളപ്പൊക്കവുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

സംഭവത്തിൽ ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും, ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറും അറിയിച്ചു . 2017ൽ മ്യാൻമർ സൈന്യം രാഖൈൻ സംസ്ഥനത്ത് നടത്തിയ വംശീയ അക്രമങ്ങളെ തുടർന്നാണ് റോഹിങ്ക്യൻ അഭയാർഥി പ്രതിസന്ധി രൂക്ഷമാകുന്നത്.
