ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ദോഷകരമാക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളുലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
