ദേശീയപാത 66ൽ നിർമാണം പൂർത്തിയാകുമ്പോൾ ദ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തുണ്ടാവുക ആകെ 13 ടോൾ ബൂത്തുകൾ. ഇതിൽ 5 എണ്ണം നിലവിൽ പ്രവർത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ഇവ നിർമാണഘട്ടത്തിലാണ്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 2 ടോൾ ബൂത്ത് വീതവും കാസർകോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഓരോന്ന് വീതവുമാകും ഉണ്ടാവുക.
ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ ബൂത്തുകൾ ഉണ്ടാവുക. എന്നാൽ നിർമാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ആലപ്പുഴയിലെ തുറവൂർ–അരൂർ 12 കിലോമീറ്റർ ആറുവരി ഉയരപ്പാതയ്ക്കു പ്രത്യേകം ടോൾ നൽകേണ്ടി വരും. ഇവിടെ റോഡിനു മുകളിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വഴി ടോൾ പിരിക്കുന്ന എംഎൽഎഫ്എഫ് (മൾട്ടി ലെയിൻ ഫ്രീ ഫ്ലോ) സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുകയാണ്. വാഹനം നിർത്തിയിടുന്ന സമയം ലാഭിക്കാമെന്നതിനാൽ ഈ സംവിധാനം വൈകാതെ എല്ലായിടത്തും നടപ്പാക്കാൻ ആലോചിക്കുന്നു.
തുറവൂർ ഉയരപ്പാത ടോളിൽ നമ്പർ വൺ
ഓരോ റീച്ചിലെയും നിർമാണ രീതിയും ചെലവും അടിസ്ഥാനമാക്കിയാണ് ടോൾ നിരക്ക് നിശ്ചയിക്കുക. ഉയരപ്പാത, വയഡക്ട് , തുരങ്കം തുടങ്ങിയവ ഉൾപ്പെടുന്നുണ്ടെങ്കിൽ നിരക്ക് കൂടും. സാധാരണ റോഡിനുള്ള കിലോമീറ്റർ നിരക്കിന്റെ പത്തിരട്ടിയാണ് ഇവയ്ക്ക് ഈടാക്കുക. അതിനാൽ അരൂർ–തുറവൂർ ഉയരപ്പാതയിലായിരിക്കും ഏറ്റവും കൂടുതൽ ടോൾ നൽകേണ്ടി വരിക.
ടോൾ ബൂത്തുകൾ
നിലവിലുള്ള ടോൾ ബൂത്തുകൾ
◼️കൊളശ്ശേരി (കണ്ണൂർ)
◼️കുമ്പളം (എറണാകുളം)
◼️തിരുവല്ലം (തിരുവനന്തപുരം)
◼️വെട്ടിച്ചിറ (മലപ്പുറം)
◼️ഒളവണ്ണ (കോഴിക്കോട്)
നിർമാണത്തിലിരിക്കുന്ന ടോൾ ബൂത്തുകൾ
◼️ചാലിങ്കാൽ (കാസർകോട്)
◼️കല്യാശേരി (കണ്ണൂർ)
◼️അഴിയൂർ (കോഴിക്കോട്)
◼️നാട്ടിക (തൃശൂർ)
◼️എരമല്ലൂർ – ഉയരപ്പാത (ആലപ്പുഴ)
◼️കൃപാസനം ജംക്‌ഷൻ (ആലപ്പുഴ)
◼️ഓച്ചിറ (കൊല്ലം)
◼️കല്ലുവാതുക്കൽ (കൊല്ലം)
