തൃശ്ശൂർ: സംസ്ഥാനത്ത് വ്യവസായ നയത്തിന് സമാനമായി പുതിയ ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളും പിഴകളും ശിക്ഷാനടപടികളും കൊണ്ട് മാത്രം റോഡപകടങ്ങൾ കുറയ്ക്കാനാവില്ലെന്നും, ജനാധിപത്യപരമായ റോഡ് സംസ്‌കാരം വളർത്തിയെടുക്കാൻ സമഗ്രമായ ‘ഗതാഗത സാക്ഷരതാ യജ്ഞം’ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതിക്ക് അനുയോജ്യമായ പുതിയ പേരുകൾ പൊതുജനങ്ങൾക്ക് നിർദേശിക്കാവുന്നതാണ്.
പ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും:
സ്‌കൂളുകളിൽ പ്രീ-ലൈസൻസ് പരിശീലനം: പ്ലസ് ടു പഠനം പൂർത്തിയാകുമ്പോഴേക്കും വിദ്യാർഥികൾക്ക് ലൈസൻസ് ലഭ്യമാക്കുന്ന തരത്തിൽ പ്രീ-ലൈസൻസ് പദ്ധതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ട്.വാഹന സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം: 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് കേടായ വാഹനങ്ങൾ നേരിട്ടെത്തിച്ച് അവയുടെ പ്രവർത്തനവും സാങ്കേതികതയും മനസ്സിലാക്കാൻ അവസരമൊരുക്കും.
15 മിനിറ്റിൽ ആംബുലൻസ് സേവനം:
ആരോഗ്യവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് എവിടെയും 10 മുതൽ 15 മിനിറ്റിനകം രോഗികൾക്ക് ആംബുലൻസ് ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കും.
ജലഗതാഗത വികസനം:
റോഡ് ഗതാഗതത്തിന് പുറമേ സംസ്ഥാനത്തെ ജലഗതാഗത സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കും.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 1.92 കോടി വാഹനങ്ങളിൽ ഒരു കോടിയിലേറെയും നിലവിൽ നിരത്തിലുണ്ടെന്നും, റോഡിലിറങ്ങുന്ന ഭൂരിഭാഗം പേരും ഒന്നാം തലമുറ ഡ്രൈവർമാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, പ്രിയദർശിനി പദ്ധതി മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആൺകുട്ടികൾക്കും മുതിർന്ന പുരുഷന്മാർക്കും കൂടുതൽ യാത്രാ സൗജന്യങ്ങൾ നൽകാൻ നിലവിൽ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി
