അമ്പലവയൽ : അമ്പലവയൽ എം.ജി. റോഡിന് സമീപത്തുള്ള ഹോംസ്റ്റേയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ആയിരംകൊല്ലി കണക്കയിൽ വീട്ടിൽ കെ. സൽമാൻ ഫാരിസ് (31), കണ്ണൂർ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടിൽ ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘമായ ‘സാഗോക്കും’ (Special Action Group Against Organised Crimes – SAGOC) സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോംസ്റ്റേയിൽ നടത്തിയ തിരച്ചിലിൽ ഇവരിൽ നിന്ന് 3 ഗ്രാം എം.ഡി.എം.എയും 2.40 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
അമ്പലവയൽ ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സബ് ഇൻസ്പെക്ടർ വി.ജെ. എൽദോ, എ.എസ്.ഐ സനൽ, എസ്.സി.പി.ഒ പ്രഭാകരൻ, സി.പി.ഒ മുഹമ്മദ് അൻസാരി എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഹോംസ്റ്റേകൾക്കും സമീപം ലഹരി വിനിമയം തടയുന്നതിനായി പരിശോധനകൾ കർശനമാക്കിയതായി പോലീസ് അറിയിച്ചു.
