കോഴിക്കോട് വടകരയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ടയുടെ ഭാഗമായി പേരാമ്പ്ര ബി.ആർ.സിയിലെ താൽക്കാലിക അധ്യാപികയായ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ഡി.എം.എ. ലഹരിമരുന്ന് വിൽപ്പന സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് ഇവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് ലക്ഷങ്ങളുടെ തെളിവുകളോടെ പൊലീസ് കണ്ടെത്തി. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് സ്വദേശിനിയായ കാവ്യ (28) ആണ് പിടിയിലായത്.
ഈ കേസിൽ നേരത്തെ മരുതോങ്കര സ്വദേശിനിയായ മറ്റൊരു ബി.ആർ.സി. അധ്യാപിക കെ.സി. കീർത്തനയും അറസ്റ്റിലായിരുന്നു. കീർത്തനയെ ചോദ്യം ചെയ്തപ്പോഴാണ് കാവ്യയുടെ പങ്ക് വ്യക്തമായത്. ആവശ്യമുള്ളവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നൽകുകയാണ് ചെയ്തിരുന്നത്. പണം ലഭിച്ചതിന് ശേഷം ലഹരി സാധനം ഒളിപ്പിച്ചിരിക്കുന്ന ലൊക്കേഷൻ വാങ്ങുന്നവർക്ക് അയച്ചു കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു
