അമ്പലവയൽ: തമിഴ്നാട് അതിർത്തിയിൽ പോലീസിന്റെ വൻ രാസലഹരി വേട്ട. വാണിജ്യ അളവിൽ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി. കോട്ടൂരിൽ നടത്തിയ പരിശോധനയിൽ കൽപ്പറ്റ, മുണ്ടേരി, താന്നിക്കൽ വീട്ടിൽ വേണുഗോപാൽ(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 124.39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരികേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇയാൾ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതിയും സ്ഥിരം ലഹരി വിൽപ്പനക്കാരനുമാണ്. കോട്ടൂർ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. തമിഴ്നാട്, എരുമാട് ഭാഗത്ത് നിന്നും ഇയാൾ ഓടിച്ചു വന്ന കെ.എൽ. 57 യു 3031 നമ്പർ ഡോമിനർ ബൈക്ക് പോലീസ് തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. പാൻ്റിൻ്റെ പോക്കറ്റിൽ നിന്നാണ് ലഹരി കണ്ടെടുത്തത്. പോലീസ് സംഘത്തിൽ എസ്.ഐമാരായ എം. രവീന്ദ്രൻ, വി.ജെ. എൽദോ, എ.എസ്.ഐ സനൽ, സി.പി.ഒ മുഹമ്മദ് അൻസാരി തുടങ്ങിയവരുണ്ടായിരുന്നു.
