മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്ന പരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്ത കിഡ്നാ പ്പിംഗ് കേസിലെ പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു.
തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട് റോബിൻ കെ ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമൽ കൃഷ്ണ (19), കുറ്റിമൂല കള്ളമ്പറം ജിതിൻ കെ എസ് (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 12ന് രാത്രിയിലാണ് മാനന്തവാടി ടൗണിൽ നിന്നും 12 കിലോമീറ്ററോളം മാറിയുള്ള സ്ഥലത്തെ വീട്ടിൽ നിന്നും കുട്ടിയെ കൂട്ടികൊണ്ടു പോയതെന്നാണ് പരാതി. പിന്നീട് അന്നേ ദിവസം അർധരാത്രിയിൽ മാനന്തവാടി കണിയാരത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ നിലയിൽ അമലിനോടൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് വ്യക്തമാക്കി.
പോലീസ് ഇൻസ്പെക്ടർ പി റഫീഖ്, എസ് ഐമാരായ കെ. കെ സോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി പി ഒ മാരായ നിസാർ, രമേഷ് എം ആർ, അനീഷ് കെ.ആർ, ഷിൻ്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
