മേപ്പാടി: നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ 2-ാം വാർഷിക ദിനമായ നാളെ ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും ചേർന്നു പുത്തുമലയിലെ ഹൃദയഭൂമിയിൽ അനുസ്‌മരണവും സർവമത പ്രാർഥനയും സംഘടിപ്പിക്കും. ദുരന്തത്തിൽ മരിച്ചവരുടെ കല്ലറകളിൽ രാവിലെ 7 മുതൽ പുഷ്പാർച്ചന നടക്കും. തുടർന്ന് 9ന് സർവമത പ്രാർഥന നടത്തും. ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ടി.സിദ്ദീഖ് അനുസ്‌മരണ പ്രഭാഷണം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ എന്നിവർ അറിയിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്‌ടമായവരുടെ കുടുംബാംഗങ്ങൾ, അതീജീവിതർ, കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉരുൾപൊട്ടൽ നടന്നിട്ട് 2 വർഷമായിട്ടും ദുരന്തബാധിതരുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമായിട്ടില്ലെന്നും ഇവർ പറഞ്ഞു. മുണ്ടക്കൈ, പടവെട്ടി, അട്ടമല പ്രദേശങ്ങളിലെ 60ലധികം കുടുംബങ്ങൾ പുനരധിവാസ ഗുണഭോക്സ പട്ടികയ്ക്കു പുറത്താണ്. മുഴുവൻ ബാങ്ക് വായ്പകളും എഴുതിത്തള്ളണമെന്ന ദുരന്തബാധിതരുടെ ആവശ്യവും നടപ്പായിട്ടില്ല.
മൈക്രോ പ്ലാനിൽ 2 ലക്ഷം രൂപ വീതം സഹായധനം അനുവദിക്കൽ, കൃഷിയും കൃഷിഭൂമിയും കെട്ടിടങ്ങളും കടമുറികളും നഷ്ടമായവർക്ക് സഹായം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ പുതിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ദുരന്തബാധിതരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇവർ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതരേയും കുടുംബാംഗങ്ങളെയും കൽപറ്റയിൽ നിന്നു പുത്തുമലയിലേക്കും തിരികെ കൽപറ്റയിലേക്കും എത്തിക്കുന്നതിനു കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ നടത്തും.
