വടകര:MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കേവലം സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെയും യുവതികളെയുമാണ് ഈ അധ്യാപികമാര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിദ്യാര്‍ത്ഥിനികളുമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും നിരന്തരമായ ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ ലഹരി ശൃംഖലയിലെ കണ്ണികളാക്കി മാറ്റുകയുമായിരുന്നു ഇവരുടെ പ്രവര്‍ത്തനരീതിയെന്ന സംശയം അടക്കം ശക്തമായിട്ടുണ്ട്.
പേരാമ്പ്ര ബി.ആര്‍.സിയിലെ ട്രെയിനറും ആവള കുട്ടോത്ത് സ്വദേശിനിയുമായ വലിയപറമ്പില്‍ നീഷ്മ (30), കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തന (28) എന്നിവരും ഇവരുടെ ലഹരിയിടപാടുകളിലെ കൂട്ടാളിയായ ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസും (23) ആണ് നിലവില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന കൂടുതല്‍ അധ്യാപികമാരെ ഈ ലഹരിക്കണ്ണിയുടെ ഭാഗമാക്കാന്‍ ഇവര്‍ സജീവമായി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഇവര്‍ കേവലം ലഹരിമരുന്ന് വില്‍ക്കുന്ന ഏജന്റുമാര്‍ മാത്രമായിരുന്നില്ല. എന്നാല്‍ സ്വയം ലഹരി ഉപയോഗിച്ചു തുടങ്ങുകയും അത് ഒഴിവാക്കാനാകാത്ത വിധം ആസക്തരാവുകയും ചെയ്തതോടെയാണ് ലഹരി വാങ്ങാന്‍ പണമില്ലാതെ ഇവര്‍ മാഫിയയുടെ സജീവ ഏജന്റുമാരായി മാറുന്നത്. സ്വന്തമായി ലഹരി വാങ്ങാനുള്ള പണം കണ്ടെത്താനും ആഡംബര ജീവിതം നയിക്കാനും വേണ്ടിയാണ് പിന്നീട് ഇവര്‍ മേഖലയിലെ വന്‍കിട ലഹരി വിതരണക്കാരായി മാറിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ മറവിലായിരുന്നു വടകരയിലും പരിസരപ്രദേശങ്ങളിലും ലഹരി എത്തിച്ചു നല്‍കിയിരുന്നത്. സമൂഹത്തില്‍ മാന്യമായ അധ്യാപന ജോലി ചെയ്യുന്ന യുവതികളായതിനാല്‍ തന്നെ സംശയത്തിന്റെ നിഴലില്‍ വീഴാതെ രക്ഷപ്പെടാന്‍ ഇവര്‍ക്ക് എളുപ്പ സാധിച്ചു. ഫുഡ് ഡെലിവറി നടത്തുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ ജിജിന്‍ പിടിയിലായതോടെയാണ് കേസില്‍ നിര്‍ണായക തിരിവുകളുണ്ടായതും അധ്യാപികമാരുടെ പങ്ക് പുറത്തുവന്നതും.
ലഹരിക്കടത്തിന് മറയാക്കാന്‍ വിചിത്രവും വൈവിധ്യമാര്‍ന്നതുമായ വഴികളാണ് ഈ സംഘം കണ്ടെത്തിയിരുന്നത്. സൂംബ ഡാന്‍സ് ക്ലാസുകള്‍, ബണ്‍ വില്‍പ്പന തുടങ്ങി ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളും ബിസിനസുകളും ഇവര്‍ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചു. ലഹരി ആവശ്യക്കാര്‍ ഇവര്‍ക്ക് പണം നല്‍കിക്കഴിഞ്ഞാല്‍ സൂംബ ക്ലാസുകളുടെയോ മറ്റ് കേന്ദ്രങ്ങളുടെയോ മറവില്‍ രഹസ്യമായി ലഹരിമരുന്ന് എത്തിക്കുകയായിരുന്നു രീതി.

ബംഗളൂരു, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട അന്തര്‍സംസ്ഥാന ലഹരി കാര്‍ട്ടലുകളുമായി ഈ അധ്യാപികമാര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ രാസലഹരി കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ടുവരികയായിരുന്നു. ബംഗളൂരുവിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇവര്‍ നടത്തിയ ആഡംബര യാത്രകളുടെയും മദ്യപാന പാര്‍ട്ടികളുടെയും വീഡിയോകളും ചിത്രങ്ങളും ഇവര്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ യാത്രകളുടെ മറവിലാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നത്.
കേരള പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി രണ്ടാഴ്ച മുന്‍പ് റിസ്വാന്‍ എന്നയാളെ എം.ഡി.എം.എയുമായി വടകരയില്‍ വെച്ച് പിടികൂടിയതാണ് കേസില്‍ വഴിത്തിരിവായത്. റിസ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബി.ആര്‍.സിയിലെ താല്‍ക്കാലിക കായിക അധ്യാപികയായ കീര്‍ത്തനയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് കീര്‍ത്തനയെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകയായ കാവ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്നാമത്തെ അധ്യാപികയായ നീഷ്മയും കുടുങ്ങിയത്.
ലഹരി ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടാതെ പൂര്‍ണ്ണമായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളാണ് ഇവര്‍ നടത്തിയിരുന്നത്. ആവശ്യക്കാര്‍ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കും. പണം ലഭിച്ചാല്‍ ലഹരി സംഘത്തിലെ മറ്റൊരാള്‍ ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ എം.ഡി.എം.എ ഒളിപ്പിച്ച ശേഷം അതിന്റെ കൃത്യമായ ലൊക്കേഷന്‍ ഈ അധ്യാപികമാര്‍ക്ക് നല്‍കും. അധ്യാപികമാര്‍ ഈ ലൊക്കേഷന്‍ വാങ്ങലുകാര്‍ക്ക് മെസ്സേജ് വഴി കൈമാറുന്നതായിരുന്നു ഇവരുടെ തന്ത്രം. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഇവരുടെ അക്കൗണ്ടുകള്‍ വഴി മറിഞ്ഞത്.
ആദ്യഘട്ടത്തില്‍ ഇവര്‍ പണമിടപാടുകളില്‍ മാത്രമാണ് പങ്കാളികളായിരുന്നതെന്ന് കരുതിയിരുന്നതെങ്കിലും, ഏറ്റവും ഒടുവില്‍ അറസ്റ്റിലായ നീഷ്മയെ ചോദ്യം ചെയ്തതോടെയാണ് മൂന്നുപേരും കടുത്ത എം.ഡി.എം.എ ഉപഭോക്താക്കളാണെന്ന ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ വഴിവിട്ട സൗഹൃദങ്ങളാണ് ഇവരെ മയക്കുമരുന്ന് മാഫിയയുടെ വലയിലാക്കിയത്. ലഹരി വില്‍പനയില്‍ സംശയം തോറ്റാതിരിക്കാന്‍ പ്രത്യേക ‘കോഡ് ഭാഷകള്‍’ ഇവര്‍ മൊബൈല്‍ സന്ദേശങ്ങളില്‍ ഉപയോഗിച്ചിരുന്നു.
അക്ഷരവും നല്ല സംസ്‌കാരവും പഠിപ്പിച്ച് കുട്ടികളെ മികച്ച നാളെയേക്ക് വഴിനടത്തേണ്ട അധ്യാപികമാര്‍ തന്നെ ലഹരി മാഫിയയുടെ തലതൊട്ടപ്പന്മാരായി മാറിയതിന്റെ വലിയ നടുക്കത്തിലാണ് കോഴിക്കോട്ടെ പൊതുസമൂഹം. പ്രത്യേകിച്ച്, പിടിയിലായ കീര്‍ത്തന നേരത്തെ സ്‌കൂളുകളിലും മറ്റും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായി പങ്കെടുത്ത വ്യക്തി കൂടിയായിരുന്നു എന്നത് ഞെട്ടലിന്റെ ആഘാതം കൂട്ടുന്നു. സംഭവത്തെ തുടര്‍ന്ന് മൂന്ന് അധ്യാപികമാരെയും സര്‍വീസില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്തുകൊണ്ട് സമഗ്ര ശിക്ഷാ അഭിയാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം വടകര എന്‍.ഡി.പി.എസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ലഹരി എത്തിച്ചു നല്‍കിയ കര്‍ണാടകയിലെ പ്രധാന കണ്ണികളെക്കുറിച്ചും, ഇവരുടെ വലയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിനികളെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് മംഗലാപുരം, ബംഗളുരു കണക്ഷന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലെ വമ്പന്മാരെ പൂട്ടാന്‍ അന്വേഷണം വരും ദിവസങ്ങളില്‍ കര്‍ണാടകയിലേക്കും മറ്റ് അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
