തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം 

ബാങ്കോക്ക് : തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മോഹിത്, ആശിഷ്, ഹിമാൻഷു എന്നീ യുവാക്കളാണ് ബഡ്ജറ്റ് ടൂർ പാക്കേജിന്റെ കെണിയിൽപ്പെട്ട് ഒരാഴ്ചയിലധികം തടവറയിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയായത്. ഓരോരുത്തരിൽ നിന്നും എഴുപതിനായിരം ഭാത് (ഏകദേശം രണ്ട് ലക്ഷം രൂപ) ഈടാക്കി ഏഴു ദിവസത്തെ ആകർഷകമായ യാത്രാ വാഗ്ദാനം നൽകിയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘം ഇവരെ വലയിലാക്കിയത്. ജൂലൈ 21-ന് ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിലിറങ്ങിയ യുവാക്കൾ, നിർദ്ദേശാനുസരണം ടാക്സി മാർഗ്ഗം പട്ടായ സുഖുംവിറ്റ് ഹൈവേയിലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപത്തെത്തിച്ചേരുകയായിരുന്നു.

 

​ഹോട്ടൽ ചെക്ക്-ഇന്നും പ്രഭാതഭക്ഷണത്തിനുമായി എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘത്തിലെ അംഗങ്ങൾ മോട്ടോർസൈക്കിളിൽ ഓരോരുത്തരെയായി ബാംഗ് ലാമുംഗ് പ്രദേശത്തുള്ള വിജനമായ ഒരു ഈരടുക്ക് ടൗൺഹൗസിലേക്ക് കൊണ്ടുപോയി. തടവിലാക്കപ്പെട്ട ഉടൻ തന്നെ യുവാക്കളുടെ കൈകാലുകൾ കൂട്ടിക്കെട്ടുകയും വായും കണ്ണുകളും പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചു അടയ്ക്കുകയും ചെയ്തു. തുടർന്ന് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ശുചിമുറി സൗകര്യങ്ങളും നിഷേധിച്ച് തലകീഴായി കെട്ടിത്തൂക്കിയും മരവടികൾ ഉപയോഗിച്ച് പാദങ്ങളിലും ശരീരത്തിലും അടിച്ചും അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കളിൽ നിന്നും മൊത്തം 70 ലക്ഷം രൂപയോളം (2.4 ദശലക്ഷം ഭാത്) മോചനദ്രവ്യം ഈടാക്കാനായിരുന്നു ആസൂത്രിത ശ്രമം. കടുത്ത രക്തസ്രാവവും പരിക്കുകളും ഉണ്ടെന്ന് വ്യാജമായി കാണിക്കാൻ യുവാക്കളുടെ ശരീരത്തിലും തലയിലും ചുവന്ന സ്പ്രേ പെയിന്റ് അടിച്ച് ബന്ധുക്കൾക്ക് വാട്സ്ആപ്പ് വീഡിയോ കോളുകൾ വഴി ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തടവിലാക്കപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തായ്‌ലൻഡിലെ ഇന്ത്യൻ എംബസി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ചോൻബുരി ഇമിഗ്രേഷൻ പോലീസിനെയും പട്ടായ സിറ്റി പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും ദുബായിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ പോലീസും ഇന്ത്യൻ അസോസിയേഷനും ചേർന്ന് വീട് വളഞ്ഞ് പൂട്ടിയിട്ട മുറികളിൽ നിന്ന് ഇവരെ സുരക്ഷിതമായി മോചിപ്പിച്ചു.

 

ക്രൂരമായ ഈ തട്ടിക്കൊണ്ടുപോകൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്ഥാൻ മാഫിയ തലവന്റെ നിർദ്ദേശപ്രകാരമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ബാങ്കോക്കിലെ ഹോട്ടലിൽ നിന്ന് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് ഇന്ത്യൻ പങ്കാളികളെ തായ് പോലീസ് അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ആകർഷകമായ യാത്രാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻസികളെക്കുറിച്ച് വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *