തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാൻ വീണ്ടും കർശന നിർദേശങ്ങളുമായി ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പ് വരെ നിരവധി നിർണായക നിർദേശങ്ങളാണ് പുതിയ സർക്കുലറിലൂടെ നൽകിയിരിക്കുന്നത്. അതേസമയം, ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവർക്കും ആശ്വാസമാകുന്ന സുപ്രധാന മാറ്റങ്ങളും പ്രഖ്യാപിച്ചു.
ഔദ്യോഗിക ഡ്യൂട്ടി നിർവഹിക്കുമ്പോൾ പ്രൊഫഷണലിസം കൈവിടരുതെന്നും വാക്കിലും പ്രവർത്തിയിലും മാന്യത പുലർത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡ്യൂട്ടിക്കെത്തുമ്പോൾ കൈവശമുള്ള പണം രേഖപ്പെടുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇടനിലക്കാരുടെ ഇടപെടൽ പൂർണമായും ഒഴിവാക്കണമെന്നും ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകളടക്കമുള്ള അനാവശ്യ വ്യക്തികൾക്ക് പ്രവേശനം അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഡ്രൈവിങ് ടെസ്റ്റിൽ പ്രധാന മാറ്റങ്ങൾ
◼️ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ, മുൻപ് നിലവിലുണ്ടായിരുന്ന ചില നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി പുതിയ സർക്കുലറും പുറത്തിറക്കി.
◼️പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചു.
◼️അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും.നടപടികൾ വിലയിരുത്താൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.
പുതിയ സ്ലോട്ട് വിഭജനം
◼️പുതിയ ഡ്രൈവിങ് ടെസ്റ്റ്: 28 സ്ലോട്ടുകൾ
◼️റീ-ടെസ്റ്റ്: 20 സ്ലോട്ടുകൾ
◼️വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവർ: 2 സ്ലോട്ടുകൾ
മറ്റു നിർണായക മാറ്റങ്ങൾ
◼️പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിങ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
◼️റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ട് ദിവസത്തിനുള്ളിൽ അനുവദിക്കും.
◼️ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
◼️വാഹന ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരേ ദിവസം നടത്തരുതെന്ന നിബന്ധന ഒഴിവാക്കി.
◼️ആദ്യ ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ എട്ട് ദിവസത്തിനകം വീണ്ടും ടെസ്റ്റിന് അവസരം നൽകണം.
◼️ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം പരീക്ഷാ തീയതി നിശ്ചയിക്കണം.
കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കാൻ മറ്റ് ജോലികൾ മാറ്റിവെച്ചെങ്കിലും മുൻഗണന നൽകണമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു. മൂന്ന് മാസത്തിന് ശേഷം ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം എംവിഡിയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും അഴിമതിയില്ലാത്തതുമാക്കുകയാണ് പുതിയ നിർദേശങ്ങളുടെ ലക്ഷ്യം.
