പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; വലിയ മരങ്ങളും തെങ്ങും കടപുഴകി വീണു

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു.

 

വലിയ മരങ്ങളും തെങ്ങും കടപുഴകി വീണതോടെ പ്രദേശത്ത് ഉണ്ടായിരുന്ന ഒട്ടേറെപ്പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പ്രദേശത്ത് തുടർച്ചയായി മണ്ണിടിച്ചിലും മണ്ണൊലിപ്പും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ​ഗുരുതരമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *